തുനീസിയൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച ആറ്റിങ്ങൽ മാമം സ്വദേശി അർജ്ജുനന്റെ മൃ‍തദേഹം നാട്ടിലെത്തിച്ചു

ആറ്റിങ്ങൽ: തുനീസിയൻ സമുദ്രാതിർത്തിയിൽ വച്ച് കപ്പലിൽ നിന്ന് വീണു മരിച്ച മാമം പൂരം വീട്ടിൽ രവീന്ദ്രൻ– ഭാമ ദമ്പതികളുടെ മകൻ അർജ്ജുൻ രവീന്ദ്രൻ (27) ന്റെ മൃതദേഹം സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഞായറാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് സംസ്കരിച്ചത്. ഡി എൻ എ പരിശോധനക്കായി വീണ്ടും സാംപിൾ ശേഖരിച്ചു.മുംബൈയിലെ സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അർജ്ജുൻ. ഇക്കഴിഞ്ഞ മാർച്ച് 17 നാണ് തുർക്കിയിൽ നിന്ന് കപ്പലിൽ ജോലിക്ക് കയറിയത്. ഏപ്രിൽ 27 ന് തുനീസിയൻ സമുദ്രാതിർത്തിയിൽ വച്ച് കപ്പലിൽ നിന്ന് അർജ്ജുനെ കാണാതായെന്ന് കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചു. മേയ് 13 ന് തുനീസിയൻ സമുദ്രാതിർത്തിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ജൂൺ 9 ന് അർജ്ജുന്റേതാണെന്ന് സ്ഥിരീകരിച്ചു. മാതാവിൽ നിന്ന് ശേഖരിച്ച സാംപിൾ തുനീസിയയിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചത് അർജ്ജുൻ ആണെന്ന് സ്ഥിരീകരിച്ചത്.
കപ്പൽ കമ്പനിയിലെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായി കാണാതാവുന്നതിന് ദിവസങ്ങൾ മുൻപ് അർജ്ജുൻ അമ്മയെ ഫോണിലൂടെ അറിയിച്ചിരുന്നു. കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ അപായപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുനീസിയൻ കോസ്റ്റ് ഗാർഡും അന്വേഷണം നടത്തിയിരുന്നു, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം കോടതിയുടെ നിർദ്ദേശപ്രകാരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലേമുക്കാലിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം അഞ്ചോടെ സംസ്കരിച്ചു. സഹോദരൻ അരവിന്ദ്.