*ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന*

അനധികൃതമായി നികുതി പിരിച്ചും സര്‍ക്കാരിലേക്ക് നികുതി അടക്കാതെയും സംസ്ഥാനത്ത് ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ കൊള്ള. ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ  രാത്രി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയത്. റജിസ്ട്രേഷന്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും അന്വേഷണത്തില്‍ പിടിവീണു.

പൊതുജനങ്ങളില്‍ നിന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. സംസ്ഥാനത്തെ വലുതും ചെറുതുമായ 32 ഹോട്ടലുകളില്‍ ഒരേ സമയം പരിശോധന ആരംഭിച്ചു. രാത്രി ഏഴരയോടെ ആരംഭിച്ച പരിശോധന നീണ്ടത് പുലര്‍ച്ചെ വരെ. 

രാത്രി ഏഴര വരെ ഒന്നരലക്ഷം രൂപയുടെ വില്‍പന നടന്ന കൊച്ചിയിലെ ഹോട്ടല്‍ രേഖകളില്‍ കാണിച്ചിരുന്ന വരുമാനം കാല്‍ ലക്ഷം രൂപ മാത്രം. ഉപഭോക്താക്കളില്‍ നിന്ന് നികുതി പിരിക്കാന്‍ അനുമതിയില്ലാത്ത ഹോട്ടല്‍ അഞ്ച് ശതമാനം വീതം നികുതിയും ഈടാക്കിയിരുന്നു. ഈ നികുതി സര്‍ക്കാരിന് നല്‍കിയതുമില്ല. ബഹുഭൂരിപക്ഷം ഹോട്ടലുകളും ടേണോവര്‍ കുറച്ച് കാണിച്ച് നികുതി വലയത്തിന്‍റെ പുറത്താണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന തുടരാനാണ് ജിഎസ്ടി വകുപ്പിന്‍റെ തീരുമാനം.