നാഷണല്‍ ഹെല്പ് ലൈന്‍ ഫോര്‍ സീനിയർ സിറ്റിസൺസ് (എൽഡർ ലൈൻ - 14567)

മുതിർന്ന  പൗരന്മാരുടെ  ക്ഷേമത്തിനായി   പ്രവർത്തിക്കുന്ന  ഒരു  ഹെല്പ്  ലൈൻ  പദ്ധതിയാണ്  നാഷണൽ ഹെൽപ്  ലൈൻ  ഫോർ  സീനിയർ  സിറ്റിസൺസ് (എൽഡർ ലൈൻ).  കേരള  സാമൂഹ്യ  നീതി    വകുപ്പ്  മുഖേനയാണ്  കേരളത്തിൽ എൽഡർ ലൈൻ   പദ്ധതി  നടപ്പിലാക്കി  വരുന്നത്.  പ്രസ്തുത പദ്ധതി   വഴി  മുതിർന്ന  പൗരന്മാർക്ക്  അവരുടെ  ആവശ്യങ്ങൾക്കും  സേവനങ്ങൾക്കും  വേണ്ടി  14567  എന്ന   ടോൾ  ഫ്രീ  നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്. എല്ലാ  ദിവസവും  രാവിലെ 8  മണി  മുതൽ  രാത്രി 8  മണി  വരെയാണ്   എൽഡർ  ലൈൻ  ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 
മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്ന  2007 ലെ നിയമത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായമാകാന്‍ എൽഡർ ലൈൻ പ്രവർത്തനങ്ങള്‍ക്ക് സാധിക്കും. വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് എൽഡർ ലൈൻ മുതിർന്ന പൗരന്മാർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നത്.
എൽഡർ  ലൈൻ  പദ്ധതി  വഴി  മുതിർന്ന  പൗരന്മാർക്ക്  നൽകിവരുന്ന  സേവനങ്ങൾ  ചുവടെ  പറയുന്നവയാണ് :
🛑 വിവരങ്ങള്‍
സംസ്ഥാനത്തെ  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വയോജനങ്ങള്‍ക്കുവേണ്ടി ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ / അതുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍ / പെന്‍ഷന്‍ / സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍ / വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍.
🛑 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 
മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട സഹായങ്ങള്‍, മറ്റു നിയമസഹായങ്ങള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആവശ്യമായ ഇടപെടലുകള്‍.
🛑 മാനസിക പിന്തുണ 
വയോജനങ്ങള്‍ നേരിടുന്ന മാനസിക പ്രയാസങ്ങള്‍ക്കും കോവിഡാനന്തര മാനസിക സംഘര്‍ഷങ്ങള്‍ക്കുമുള്ള പിന്തുണ.
🛑 നേരിട്ടുള്ള സഹായങ്ങള്‍   
അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായി ചൂഷണം നേരിടുന്ന പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍.

#keralapolice