ഐപിഎല്‍ പതിനഞ്ചാം സീസണിലെ ചാമ്പ്യൻമാരെ ഇന്നറിയാം.സഞ്ജുവിന്റെ രാജസ്ഥാന് ടോസ് വീണു. രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും. കളി 8 മണിക്ക്

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ചാമ്പ്യൻമാരെ ഇന്നറിയാം. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍  രാത്രി എട്ടിനാണ് കളി തുടങ്ങുക. ഒരു മലയാളി നായകന്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒറ്റ ജയമകലെ കാത്തിരിക്കുന്നത് ഐപിഎല്‍ കിരീടം. യുവനായകന്‍മാര്‍ക്ക് കീഴില്‍ ചരിത്രം കുറിക്കാനിറങ്ങുമ്ബോള്‍ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും. സീസണില്‍ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നല്‍ തുടക്കവും ഷിമ്രോണ്‍ ഹെയ്റ്റ്മെയറുടെ വെടിക്കെട്ടും രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. ഇവര്‍ക്കിടയില്‍ രാജസ്ഥാന്‍റെ നടുനിവര്‍ത്താന്‍ നായകന്‍ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ട്. സ്‌പിന്‍ മാജിക്ക് കാട്ടാന്‍ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെന്‍ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയുമുള്ള പേസ് ബാറ്ററിയും പവര്‍ഫുള്‍.

വൃദ്ധിമാന്‍ സാഹയും മാത്യൂ വെയ്‌ഡും ടൈറ്റന്‍സിന്റെ ചാവേറുകളാവും. നട്ടെല്ലായി ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും. കില്ലര്‍ മില്ലര്‍ ക്രീസിലുറച്ചാല്‍ പന്ത് ഗാലറിയിലേക്ക് പറക്കും. റാഷിദ് ഖാന്‍റെ സ്‌പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റന്‍സിന് പ്രതീക്ഷയേറെ. പവര്‍പ്ലേയിലും ഡെത്ത് ഓവറികളിലും ടൈറ്റന്‍സിന്‍റെ ബൗളിംഗ് മികവിനെ ബാറ്റര്‍മാര്‍ എങ്ങനെ അതിജിവിക്കും എന്നതായിരിക്കും രാജസ്ഥാന് നിര്‍ണ്ണായകമാവുക. സീസണില്‍ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ മിന്നും സെഞ്ചുറിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ആര്‍സിബിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ച്‌ രാജസ്ഥാന്‍ ഫൈനലിലെത്തിയപ്പോള്‍ ബട്‌ലര്‍ 60 പന്തില്‍ 10 ഫോറും 6 സിക്‌സുമടക്കം 106* റണ്ണോടെ പുറത്താകാതെ നിന്നു. ബാംഗ്ലൂരിന്‍റെ 157 റണ്‍സ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ബൗളിംഗില്‍ പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവുമായും തിളങ്ങി. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഫൈനല്‍ കളിക്കുന്നത്.```