സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോടെ  സമ്മേളന നടപടികള്‍ക്ക് തുടക്കമായി. കൊച്ചി മറൈന്‍ഡ്രൈവിലെ ബി രാഘവന്‍ നഗറിലാണ് നാലുദിവസത്തെ സമ്മേളനം.23-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനത്തില്‍ 400 പ്രതിനിധികളും 23 നിരീക്ഷകരും പങ്കെടുക്കും. പ്രതിനിധി സമ്മേളനം രാവിലെ 10.30ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

പതാക ഉയര്‍ത്തലിനും രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയ്‌ക്കും ശേഷം പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. 12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പു ചര്‍ച്ച തുടങ്ങും. ബുധന്‍ രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും.

ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കര്‍മപരിപാടികള്‍ക്ക്‌ പുതിയ കാഴ്‌ചപ്പാട്‌ നല്‍കാനുള്ള നയരേഖ ഇന്നു വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുന്നത്‌. വികസന നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച വ്യാഴാഴ്‌ചയാണ്‌.

സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ മറൈന്‍ഡ്രൈവിലെ ഇ ബാലാനന്ദന്‍ നഗറില്‍ പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

1964ല്‍ സിപിഐ എം രൂപീകരണത്തിലേക്കു നയിച്ച പ്രത്യേക കണ്‍വന്‍ഷനും 1968ല്‍ എട്ടാം പാര്‍ടി കോണ്‍ഗ്രസും പ്ലീനവും നടന്ന കൊച്ചി നഗരം, 37 വര്‍ഷത്തിനുശേഷമാണ്‌ വീണ്ടും സമ്മേളനത്തിന്‌ വേദിയാകുന്നത്‌. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം നടക്കുക.