*നടയറയിലെ ബസ് കാത്തിരിപ്പുകേന്ദ്രം നിലംപൊത്തി*

നടയറ ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നുവീണ നിലയിൽ
വർക്കല: നടയറ ജങ്ഷനിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിലംപൊത്തി. ജങ്ഷനിലെ തൊടുവേ റോഡ് തുടങ്ങുന്ന ഭാഗത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രമാണ് മറിഞ്ഞുവീണത്.

10 വർഷത്തോളം പഴക്കമുള്ള കാത്തിരിപ്പുകേന്ദ്രത്തിന്റെ മൂന്നു തൂണുകളും ഇളകി മേൽക്കൂര താഴേക്കു പതിക്കുകയായിരുന്നു. തൂണുകളുടെ അടിഭാഗം ദ്രവിച്ചനിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് വീണതെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വർക്കല ഭാഗത്തേക്കുള്ള ബസുകളിൽ കയറാൻ യാത്രക്കാർ കാത്തുനിൽക്കുന്നിടമായിരുന്നു. യാത്രക്കാരില്ലാത്ത സമയത്ത് നിലംപൊത്തിയതിനാൽ അപകടമൊഴിവായി