ചുവപ്പുകോട്ടയായി മറൈന്‍ ഡ്രൈവ്, സിപിഎം സംസ്ഥാന സമ്മേളനം നാളെ മുതൽ എറണാകുളത്ത്

കൊച്ചി:മറൈന്‍ ഡ്രൈവിനെ അക്ഷരാര്‍ഥത്തില്‍ ചുവപ്പുകോട്ടയാക്കി മാറ്റി സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശത്തിലേക്ക്എറണാകുളം.നഗരത്തിന്‍റെ മുക്കുംമൂലയും ചുവപ്പണിഞ്ഞു. കൊടിതോരണങ്ങളും കവാടങ്ങളും അലങ്കാര വിളക്കുകളും ഒരുക്കി 37 വര്‍ഷത്തിനുശേഷം എത്തിയ സമ്മേളനത്തെ വരവേല്‍ക്കാന്‍ സന്നാഹങ്ങളെല്ലാം ഉറപ്പിച്ചുകഴിഞ്ഞു പാര്‍ട്ടിപ്രവര്‍ത്തകര്‍.

മറൈന്‍ ഡ്രൈവില്‍ പല ഭാഗങ്ങളിലായി 30,000 അടിയുള്ള പടുകൂറ്റന്‍ പന്തലാണ് പൂര്‍ത്തിയായത്. മാര്‍ച്ച്‌ ഒന്നുമുതല്‍ നാലുവരെ സമ്മേളന നാളുകളില്‍ പാര്‍ട്ടി ഓഫിസും നേതാക്കളുടെ വിശ്രമസ്ഥലവും വരെ ഈ പന്തലുകളിലാണ് സജ്ജീകരിച്ചത്. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, നായനാര്‍ എന്നിവരുടെ 60 ചതുരശ്രയടി വലുപ്പമുള്ള ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ സ്ഥാപിച്ചു.പ്രതിനിധി സമ്മേളനം നടക്കുന്ന ബി. രാഘവന്‍ നഗര്‍തന്നെ 18,000 ചതുരശ്രയടി വരും. പൊതുസമ്മേളനം ഓപണ്‍ സ്റ്റേജായ ഇ. ബാലാനന്ദന്‍ നഗറിലാണ്. സെമിനാര്‍, കലാപരിപാടികള്‍ എന്നിവ മറൈന്‍ഡ്രൈവ് ഹെലിപാഡിലെ 12,000 അടിയുള്ള അഭിമന്യു നഗറിലും. 600 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും ഒരുങ്ങി. കയ്യൂര്‍, കൂത്തുപറമ്ബ്, വാഗണ്‍ ട്രാജഡി, പാലിയം സത്യഗ്രഹം തുടങ്ങിയ സമരങ്ങളുടെ ചിത്രങ്ങള്‍ സമ്മേളന നഗരിയിലെ ചുവരില്‍ പതിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവന്‍ ബ്രാഞ്ച് കേന്ദ്രത്തിലും രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ പ്രാദേശിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 12,343 പേരുടെ ഓര്‍മക്ക് പ്രചാരണ ഗേറ്റുകള്‍, കമാനങ്ങള്‍, സ്തൂപങ്ങള്‍, സ്മൃതി മണ്ഡപങ്ങള്‍ എന്നിവയും തയാറായി. പൊതുസമ്മേളനത്തിന് 1500 പേര്‍ നേരിട്ടും അഞ്ചുലക്ഷം പേരെ വെര്‍ച്വലായും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ഇതിന് സ്വാഗതസംഘം ഓഫിസുകള്‍ തുറന്ന് സംവിധാനം ഒരുക്കി.ചരിത്രമുറങ്ങുന്ന തോപ്പുംപടി, ബി.ഒ.ടി, ഹാര്‍ബര്‍ പാലങ്ങള്‍ ഞായറാഴ്ച രാത്രിയോടെ ദീപാലംകൃതമായി. ചരിത്രപ്രദര്‍ശനം നടക്കുന്ന അഭിമന്യു നഗറില്‍ എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പം സ്ഥാപിച്ചിട്ടുണ്ട്.