*ശാർക്കരയിൽ ഇന്ന് നാരദർ പുറപ്പാട് അരങ്ങേറും*

 ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടന്നു. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോലത്തുള്ളൽ നടത്തുന്നുവെന്നാണ് പറയുന്നത്.
കുരുത്തോലയാട്ടത്തിൽ പഴയകഥകളാണ് ദേവിയെ പറഞ്ഞു കേൾപ്പിക്കുന്നത്. ഒട്ടേറെ പഴങ്കഥകൾ പൊടിപ്പും തൊങ്ങലും കലർത്തി അവതരിപ്പിച്ചു. കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ട് പേർ ചുവടുവച്ച് ആടിപ്പാടിയാണ് പഴങ്കഥകൾ പറയുന്നത്. മനോധർമനനുസരിച്ചുള്ള ചുവടുവയ്പുകളോടെ നടത്തുന്ന കുരുത്തോലയാട്ടത്തിന് പ്രാകൃത സ്വഭാവവും ചടുലതയുമാണുള്ളത്.
ശാർക്കര കാളിയൂട്ടിന്റെ മൂന്നാം ദിനമായ ഇന്ന് നാരദർ പുറപ്പാട് അരങ്ങേറും. ശ്രീപരമേശ്വരന്റെ ആജ്ഞപ്രകാരം കാളിയൂട്ടിന്റെ നിരീക്ഷകനും ഉപദേഷ്ഠാവുമായിട്ടാണ് നാരദൻ എത്തുന്നത്. നാരദൻ കാളീനാടകത്തിൽ രംഗപ്രവേശം ചെയ്യുന്നതോടെ കഥയുടെ ദൈവീകപരിവേഷം മാറി കഥയ്ക്ക് ജനകീയ സ്വഭാവം കൈവരും. ദേവീ നമസ്കാരവും നൃത്തവും പാട്ടും നാരദൻ സഞ്ചരിച്ച വഴികളിലെ വർണനയും കഴിഞ്ഞ് ദേവാസുര യുദ്ധവും ദാരിക കഥയും വർണിക്കുന്നതാണ് ഇന്നത്തെ കഥയുടെ പ്രധാന ഇതിവൃത്തം.ക്ഷേത്രങ്ങളിലെ ദേവദാസി സമ്പ്രദായത്തെയും ചില ദുഷിച്ച രീതികളെയും ഇവിടെ പരിഹസിക്കുന്നുമുണ്ട്. ഇന്നത്തെ വേഷക്കാരിൽ രണ്ടുപേർക്കാണ് പ്രാധാന്യം. വഴികളിലൂടെ കാഴ്ചകൾ കണ്ടെത്തുന്ന നാരദരും ഒരു ചോദ്യകർത്താവുമാണ് ആ കഥാപാത്രങ്ങൾ. തലയിൽക്കെട്ടും നീണ്ടവടിയും പ്രത്യേക സംസാരരീതിയുമായാണ് ചോദ്യകർത്താവ് എത്തുന്നത്. കഥകളിയിലെ വേഷത്തോട് സാമ്യമുള്ള ഉടുത്തുകെട്ടും കൂർത്ത തൊപ്പിയും ചെറിയ രീതിയിൽ മുഖത്ത് ചുട്ടിയുമായാണ് നാരദന്റെ വേഷം. ദാരിക കഥയ്ക്ക് പുറമെ മറ്റനേകം ഉപകഥകളും ഇവിടെ വർണിക്കുന്നുണ്ട്. രംഗം അവസാനിച്ചാൽ ദേവീ ചൈതന്യത്തെ പതിവുപോലെ അകത്ത് എഴുന്നള്ളിച്ച് മൂല വിഗ്രഹത്തിൽ ആവാഹിക്കുന്നതോടെ ഇന്നത്തെ ചടങ്ങുകൾ അവസാനിക്കും.