*പാപനാശത്ത് ഏഴുപേർ തിരയിൽപ്പെട്ടു; രക്ഷകരായി ലൈഫ് ഗാർഡുകൾ*

*പാപനാശത്ത് തിരയിൽപ്പെട്ടപ്പോൾ രക്ഷിച്ച ലൈഫ് ഗാർഡുകൾക്കൊപ്പം തമിഴ്‌നാട് സ്വദേശികൾ*
വർക്കല : പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്ന ഏഴുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. നാല് വ്യത്യസ്ത അപകടങ്ങളിലായാണ് തമിഴ്‌നാട് സ്വദേശികളുൾപ്പെടെയുള്ള വിദ്യാർഥികൾ തിരയിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ആദ്യ അപകടമുണ്ടായത്. പ്രധാന ബീച്ചിലെത്തിയ കരുനാഗപ്പള്ളി സ്വദേശി അമൽകൃഷ്ണ( 18)യാണ് തിരയിൽപ്പെട്ടത്. സുഹൃത്ത് പൃഥ്വിക്കൊപ്പം കളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിത്താണത്. ലൈഫ് ഗാർഡായ മനുവാണ് രക്ഷപ്പടുത്തിയത്. ഞായറാഴ്ച രാവിലെ മൂന്ന് അപകടങ്ങളാണുണ്ടായത്. പ്രധാന ബീച്ചിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടങ്ങൾ.
രാവിലെ ഒമ്പതിന് മധുര സ്വദേശികളായ കിഷോർ(22), ഹരി(23) എന്നിവരാണ് തിരയിൽപ്പെട്ടത്. ഇവരെ ലൈഫ് ഗാർഡായ മഹേഷ്‌കുമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അല്പസമയം കഴിഞ്ഞ് ഇതേ സ്ഥലത്ത് കുളിക്കാനിറങ്ങിയ തമിഴ്‌നാട്ടിൽനിന്നുള്ള ആറംഗസംഘവും തിരയിൽപ്പെട്ടു. ഇതിൽ രാജപാളയം സ്വദേശി വിഘ്‌നേശ്വർ(21), മധുര സ്വദേശി മഹേഷ്‌കുമാർ(24), തിരുനെൽവേലി സ്വദേശി സായ് രാജ്(20) എന്നിവരാണ് മുങ്ങിത്താണത്. ഇവരെ പണിപ്പെട്ടാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം മണ്ണന്തല സ്വദേശി ആദർശും(23) കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താണു. ഇയാൾക്കും ലൈഫ് ഗാർഡുകൾ രക്ഷകരായി.

ലൈഫ് ഗാർഡുകളായ റിമോൾഡ്, സൈനുദീൻ, സജിത്ത് എന്നിവരാണ് രക്ഷപ്പെടുത്തിയത്. കരയിലെത്തിച്ചവർക്ക് പ്രഥമശുശ്രൂഷയും നൽകി വിട്ടയച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാപനാശത്ത് തിരയിൽപ്പെട്ട അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷിച്ചിരുന്നു.
കടൽ തുടങ്ങുന്ന ഭാഗത്ത് 10 മീറ്ററോളം ഭാഗത്താണ് മണൽത്തിട്ടയുള്ളത്. പിന്നീട് കുഴിയാണ്. ഇപ്പോൾ കടലിൽ ശക്തമായ അടിയൊഴുക്കാണുള്ളത്. മൺതിട്ടയിൽനിന്നു കുഴിയിലേക്കിറങ്ങുന്നവർ അടിയൊഴുക്കിൽപ്പെട്ടാണ് മുങ്ങിത്താഴുന്നത്