രാത്രിയിൽ കെഎസ്ആർടിസി ദീർഘ ദൂര ബസ് ഇനി മുതൽ ആവശ്യപ്പെടുന്നിടത്ത് നിർത്തില്ല; തീരുമാനം പിൻവലിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം:  മുതിർന്ന പൗരന്മാരും സ്ത്രികളും ഭിന്നശേഷിക്കാരും രാത്രി 8 മുതൽ രാവിലെ 6 വരെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തുമെന്ന തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. ദീർഘദൂര മൾട്ടി ആക്സിൽ, എസി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നത് ദീർഘദൂര യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അപ്രായോഗികമാണെന്നുമാണു പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
മിന്നൽ ബസുകൾ ഒഴികെ ബാക്കിയെല്ലാ ബസുകളും ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നായിരുന്നു മുൻ ഉത്തരവ്. പുതിയ ഉത്തരവിൽ, സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള എല്ലാ ദീർഘദൂര ബസുകളും ഇത്തരത്തിൽ നിർത്തണമെന്ന നിബന്ധന പിൻവലിച്ചു. മറ്റുള്ള ബസുകളിൽ ഈ മൂന്നു വിഭാഗം യാത്രക്കാരല്ലാത്തവർക്ക് ഈ നിബന്ധന ബാധകവുമല്ല. അംഗീകൃത സ്റ്റോപ്പുകളിൽ അല്ലാതെ ഇനി ബസുകൾ രാത്രിയോ പകലോ നിർത്തില്ലെന്നതാണു പുതിയ നിർദേശം. നിർത്തുന്ന സ്ഥലങ്ങൾ ബോർഡിൽ എഴുതിവയ്ക്കണമെന്നും കയറുമ്പോൾ തന്നെ യാത്രക്കാരെ കണ്ടക്ടർ ബോധ്യപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.