രാജ്യം 9.2 ശതമാനം വളർച്ച നേടും,എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കും, ബജറ്റ് അവതരണം തുടങ്ങി

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 75-ാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി.കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കി.

എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മൂന്നു വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ.

5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും. ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട് ഉടൻ. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികൾ നവീകരിക്കും ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബജറ്റില്‍ സാമ്പത്തികമേഖലയ്ക്ക് കരുത്ത് പകരുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ നേട്ടത്തോടെയാണ് ഓഹരിവിപണിയില്‍ വ്യാപാരം ആരംഭിച്ചത്.

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമാണ്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം പ്രതീക്ഷയോടെ നോക്കുന്നു.