സ്വര്‍ണ വില ഇന്നും താഴേക്ക്,രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്

കൊച്ചി:യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്.ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതിന്റെ പിറ്റേന്നു തന്നെ ഓഹരി വിപണി തിരിച്ചു കയറി. ഇന്നലെ രണ്ടര ശതമാനത്തോളമാണ് സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത്.

ബിഎസ്‌ഇ സെന്‍സെക്‌സ് 1328 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തേക്കാള്‍ 2.44 ശതമാനം ഉയര്‍ച്ച. എന്‍എസ്‌ഇ നിഫ്റ്റി 410 പോയിന്റ് ഉയര്‍ന്നു.

എച്ച്‌യുഎല്‍, നെസ്ലെ ഒഴികെയുള്ള ഏതാണ്ട് എല്ലാ സെന്‍സെക്‌സ് ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.