5ജി ഇന്റർനെറ്റും ഇ പാസ്പോർട്ടും ഈ വർഷം,ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ, എല്ലാ പോസ്റ്റ് ഓഫീസുകളിലും കോർ ബാങ്കിംഗ്, ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി :എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്കു പിന്തുണ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു. ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും.

വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്ബദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ബജറ്റ് പ്രഖ്യാപനവേളയില്‍ ധനമന്ത്രി വ്യക്തമാക്കി.പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. 

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.ഓണ്‍ലൈന്‍ ഇടപാട്, എടിഎം, മൊബൈല്‍ ബാങ്കിങ്, മറ്റു ബാങ്കുകളില്‍ നിന്നും നേരിട്ട് പണമിടപാട് നടത്തല്‍ തുടങ്ങിയ സംവിധാനങ്ങളും പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ സാധ്യതകള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും. ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട് ഉടൻ. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികൾ നവീകരിക്കും ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.

പിഎം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു

ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി. രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തിൽ.