ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി 20 യില്‍ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി 20 യില്‍ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ശ്രേയസ് 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഈ വിജയത്തോടെ രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്റി 20 മത്സരത്തിലും വിജയിച്ച് റെക്കോഡ് നേടി. തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. നേരത്തേ അഫ്ഗാനിസ്താന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത ട്വന്റി 20 യില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഈ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാകും. ഈ വിജയത്തോടെ ഇന്ത്യ രോഹിതിന് കീഴില്‍ തുടര്‍ച്ചയായി മൂന്ന് ട്വന്റി 20 പരമ്പരകള്‍ തൂത്തുവാരുകയും ചെയ്തു.
147 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ രോഹിതിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ഒന്‍പത് പന്തുകളില്‍ നിന്ന് വെറും അഞ്ചുറണ്‍സ് മാത്രമെടുത്ത രോഹിത്തിനെ ദുഷ്മന്ത ചമീര ചമിക കരുണരത്‌നെയുടെ കൈയ്യിലെത്തിച്ചു. അനാവശ്യ ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. രോഹിതിന് പകരം ശ്രേയസ് അയ്യര്‍ സഞ്ജുവിന് കൂട്ടായെത്തി.

ഇരുവരും അനായാസം ബാറ്റ് വീശാന്‍ തുടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. സഞ്ജുവും ശ്രേയസും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ നന്നായി കളിച്ചുവന്ന സഞ്ജുവിനെ മടക്കി ചമിക കരുണരത്‌നെ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. 12 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെ സഹായത്തോടെ 18 റണ്‍സെടുത്ത സഞ്ജുവിനെ കരുണരത്‌നെ വിക്കറ്റ് കീപ്പര്‍ ചണ്ഡിമലിന്റെ കൈയ്യിലെത്തിച്ചു. സഞ്ജുവിന് പകരം വന്ന ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ശ്രേയസ് തകര്‍ത്തടിച്ചു. ആദ്യ പത്തോവറില്‍ ഇന്ത്യ 86 റണ്‍സെടുത്തു. എന്നാല്‍ 11-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹൂഡയെ ക്ലീന്‍ ബൗള്‍ഡാക്കി ലാഹിരു കുമാര ശ്രീലങ്കയ്ക്ക് ആശ്വാസം പകര്‍ന്നു. 16 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്താണ് ഹൂഡ മടങ്ങിയത്.

ഹൂഡയ്ക്ക് പകരമായി ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് വരവറിയിച്ചു. പിന്നാലെ 12-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 29 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പരമ്പരയില്‍ ശ്രേയസിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

പക്ഷേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വെങ്കടേഷ് അയ്യര്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കുമാരയുടെ പന്തില്‍ സിക്‌സ് നേടാനുള്ള അയ്യരുടെ ശ്രമം പകരക്കാരനായ ജയവിക്രമ കൈയ്യിലൊതുക്കി. ഇതോടെ ഇന്ത്യ 103 ന് നാല് എന്ന സ്‌കോറിലേക്ക് വീണു.

വെങ്കടേഷിന് പകരമായി രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. ശ്രദ്ധയോടെ കളിച്ച ജഡേജ ശ്രേയസിന് മികച്ച പിന്തുണ നല്‍കി. വൈകാതെ ഇന്ത്യ 16.5 ഓവറില്‍ വിജയത്തിലെത്തി. ശ്രേയസ് 73 റണ്‍സെടുത്തും ജഡേജ 15 പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീരയും കരുണരത്‌നെയും ഓരോ വിക്ക് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. വെറും 38 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്ത് അപരാജിതനായി ഒറ്റയ്ക്ക് പൊരുതിയ നായകന്‍ ഡാസണ്‍ ശനകയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ഒരു ഘട്ടത്തില്‍ 60 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയെ ശനക ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. പതിയെ തുടങ്ങിയ ശ്രീലങ്കന്‍ നായകന്‍ അവസാന ഓവറുകളില്‍ ആളിക്കത്തി. രണ്ട് സിക്‌സും ഒന്‍പത് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം തന്നെ വലിയ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് ഗുണതിലകയുടെ കുറ്റിപിഴുതു. നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങാനായിരുന്നു ഗുണതിലകയുടെ വിധി.

പിന്നാലെ മറ്റൊരു ഓപ്പണറും കഴിഞ്ഞ മത്സരത്തിലെ ഹീറോയുമായ പതും നിസംഗയെ മടക്കി ആവേശ് ഖാന്‍ ശ്രീലങ്കയെ തകര്‍ത്തു. വെറും ഒരു റണ്‍ മാത്രമെടുത്ത നിസംഗയെ ആവേശ് വെങ്കടേഷ് അയ്യരുടെ കൈയ്യിലെത്തിച്ചു.

നിസംഗയ്ക്ക് പകരം വന്ന ശ്രീലങ്കയുടെ വിശ്വസ്തനായ ചരിത് അസലങ്കയ്ക്കും പിടച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത അസലങ്കയെ ആവേശ് ഖാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 11 ന് മൂന്ന് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച ദിനേശ് ചണ്ഡിമലും ജനിത് ലിയാംഗെയെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ശ്രീലങ്ക വെറും 18 റണ്‍സ് മാത്രമാണ് നേടിയത്.

എന്നാല്‍ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ലിയാംഗെയെ തകര്‍പ്പന്‍ ഗൂഗ്ലിയിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി രവി ബിഷ്‌ണോയി ശ്രീലങ്കയുടെ നാലാം വിക്കറ്റ് പിഴുതെടുത്തു. 19 പന്തുകളില്‍ നിന്ന് വെറും ഒന്‍പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ശ്രീലങ്ക 29 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. ലിയാംഗെയ്ക്ക് പകരം ക്രീസിലെത്തിയ നായകന്‍ ശനകയെ കൂട്ടുപിടിച്ച് ചണ്ഡിമല്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. പക്ഷേ ടീം സ്‌കോര്‍ 60-ല്‍ നില്‍ക്കേ ഹര്‍ഷല്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

27 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ചണ്ഡിമലിനെ ഹര്‍ഷല്‍ പട്ടേല്‍ വെങ്കടേഷ് അയ്യരുടെ കൈയ്യിലെത്തിച്ചു. ക്യാച്ചെടുക്കുന്നതിനിടെ വെങ്കടേഷ് അയ്യരുടെ വിരലിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തി. പക്ഷേ അല്‍പസമയത്തിനകം തന്നെ താരം ഗ്രൗണ്ടില്‍ തിരിച്ചെത്തി. ചണ്ഡിമല്‍ മടങ്ങിയ ശേഷം ശനക ടീമിനെ ഒറ്റയ്ക്ക് നയിച്ചു.

മികച്ച ഷോട്ടുകളുമായി ശനക കളം നിറഞ്ഞതോടെ ടീം സ്‌കോര്‍ 100 കടന്നു. കരുണരത്‌നെ നായകന് പിന്തുണയുമായി ക്രീസിലുറച്ചുനിന്നു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പിന്നാലെ ശനക അര്‍ധസെഞ്ചുറി നേടി. വെറും 29 പന്തുകളില്‍ നിന്നാണ് ശനക അര്‍ധശതകം കുറിച്ചത്. ആവേശ് ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സുമടിച്ച് ശനക കൊടുങ്കാറ്റായി. കരുണരത്‌നെ 19 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാന്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.