ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നാളെ മുതല്‍, ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. റെഗുലര്‍ വിഭാഗത്തില്‍ 2,98,412 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 21,644 കുട്ടികളും ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ വിഭാഗത്തില്‍ 11 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. മൊത്തം 3,20,067 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് ഹാജരാകുന്നത്

രാവിലെ 9 30നും ഉച്ചക്ക് രണ്ടിനുമാണ് പരീക്ഷ. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തില്‍ ആണ്. 2,08411വിദ്യാര്‍ത്ഥികളാണ് ഇം​ഗ്ലീഷ് പരീക്ഷ എഴുതുന്നത്. കോവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടാകും. ഗള്‍ഫില്‍ 41 കുട്ടികളും ലക്ഷദ്വീപില്‍ 1023 കുട്ടികളും മാഹിയില്‍ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

സര്‍ക്കാര്‍ എന്നും വിദ്യാര്‍ഥി പക്ഷത്താണെന്നും കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. കോവിഡ്‌ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകളും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകളും നല്‍കും.

അതേ സമയം ഫോക്കസ് ഏരിയ വിഷയത്തിൽ സർക്കാരിനെ എതിർക്കുന്ന അധ്യാപകർക്കെതിരെ പരോക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . സർക്കാർ അധ്യാപകരെ നിയമിക്കുന്നത് ഉത്തരവാദിത്വത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വി.ശിവൻകുട്ടി പറഞ്ഞു. അധ്യാപകരുടെ ജോലി പഠിപ്പിക്കുകയെന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം.