സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും,യൂണിറ്റിനു ഒരു രൂപ കൂട്ടാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വര്‍ധനയാണു കെഎസ്‌ഇബി ഉദ്ദേശിക്കുന്നത്.വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. അതേസമയം നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി അറിയിച്ചു.

അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നു. 5 വര്‍ഷത്തേക്കു വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചു കെഎസ്‌ഇബി തയാറാക്കിയ താരിഫ് പെറ്റിഷന്‍ അംഗീകാരത്തിനായി ഇന്നു റഗുലേറ്ററി കമ്മിഷനു സമര്‍പ്പിക്കും.

വൈദ്യുതി നിരക്കു പുതുക്കുന്ന‍തുമായി ബന്ധപ്പെട്ടു വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് എന്നിവര്‍ ചര്‍ച്ച നടത്തി. സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവര്‍ധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.