*വീടുകള്‍ കേന്ദ്രീകരിച്ച് റബ്ബര്‍ഷീറ്റ് മോഷണം, പ്രതി പിടിയില്‍*

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ വീടുകൾ കേന്ദ്രീകരിച്ച് റബ്ബർഷീറ്റ് മോഷണം നടത്തിവന്ന അന്തർജില്ലാ റബ്ബർഷീറ്റ് മോഷ്ടാവിനെ കിളിമാനൂർ പൊലീസ് പിടികൂടി. പത്തനംതിട്ട,അടൂർ , കല്ലിയോട്, പടിഞ്ഞാറ്റതിൽവീട്ടിൽ തുളസീധരൻ (45) ആണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രി 12.15ന് തട്ടത്തുമല വല്ലൂർ  പ്രദീപ് ഭവനിൽ പ്രദീപിന്റെ വീടിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന അമ്പതോളം റബ്ബർഷീറ്റുകൾ മോഷണം പോയ കേസിലാണ് മണിക്കൂറുകൾക്കകം കിളിമാനൂർ പൊലീസ് പ്രതിയെ പൊക്കിയത്.പരാതി ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ  കണ്ടെത്തുകയും  രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വാഹനപരിശോധയിലൂടെ പിടികൂടുകയുമായിരുന്നു.ജനുവരി ആദ്യവാരം കിളിമാനൂർ മുളയ്ക്കലത്തുകാവ് പുളിമ്പള്ളിക്കോണത്ത് ക്രഷറിന് സമീപത്തെ വീട്ടിൽ നിന്നും 25 ഷീറ്റുകൾ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ അടൂർ,ഏനാത്ത് സ്റ്റേഷനുകളിലും,  കൊല്ലം ജില്ലയിലെ ശാസ്താംകോട്ട , തിരുവനന്തപുരം ജില്ലയിലെ ന​ഗരൂർ പൊലീസ് സ്റ്റേഷനുകളിൽ  പ്രതിക്കെതിരെ സമാന കുറ്റകൃത്യത്തിന് കേസുകൾ നിലവിലുണ്ട്. കിളിമാനൂർ സബ് ഇൻസ്പെക്ടർമാരായ സത്യദാസ്, രാജേന്ദ്രൻ, എഎസ്ഐമാരായ താഹിർ, വിനോദ്കുമാർ,സിപിഒ മാരായ റിയാസ്, സുനിൽ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.