*പഞ്ചായത്തംഗവും, നഗരൂർ ജനമൈത്രി പോലീസും, പോലീസ് അസോസിയേഷനും കൈകോർത്തു നിർധനയായ വീട്ടമ്മയ്ക്കും മകൾക്കും വീടൊരുങ്ങി.*

പഞ്ചായത്തംഗവും, നഗരൂർ ജനമൈത്രി പോലീസും, പോലീസ് അസോസിയേഷനും കൈകോർത്തു നിർധനയായ വീട്ടമ്മയ്ക്കും മകൾക്കും വീടൊരുങ്ങി.
മുപ്പതിലധികം ആടുകളോടൊപ്പം തകർന്നടിഞ്ഞ വീട്ടിൽ കഴിഞ്ഞ ശാരദാമ്മയ്ക്ക് ഒരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. സ്വന്തം വീട്ടിൽ സുഖമായി കിടന്നുറങ്ങണമെന്ന്. ഇന്ന് ആ സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങളിൽ കണ്ണീരോടെ സന്തോഷം പങ്കുവെയ്ക്കുകയാണ് ശാരദാമ്മ. 

പുളിമാത്ത് പഞ്ചാത്ത്  ശീമവിള  മഠത്തുവിളാകം  വീട്ടിലെ ശാരദാമ്മയ്ക്കാണ് പഞ്ചായത്തംഗത്തിന്റേയും, നഗരൂർ ജനമൈത്രി പോലീസിന്റെയും, പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന ഇടപെടലിൽ  സുരക്ഷയുടെ പുതിയ ചുവരുകൾ ഉയർന്നത്. പ്രീഡിഗ്രിയും ടൈപ്പ്റൈറ്റിംഗും പാസായ 44- വയസ്സുള്ള അവിവാഹിതയായ മകളോടൊപ്പം ഇടിഞ്ഞു പൊളിഞ്ഞ തൻ്റെ വീട്ടിൽ മഴ പെയ്താൽ നനയാതിരിയ്ക്കാൻ മാനം നോക്കി ശപിയ്ക്കുന്ന ശാരദയെന്ന വയോധികയുടെ ജീവിതം ഏവരുടേയും കരളലിയിപ്പിക്കും.
മൂന്ന് സെന്റ് ഭൂമിയിൽ മൺ കട്ട കൊണ്ട് ഭാഗികമായി നിർമ്മിച്ച  ഏതു സമയവും നിലം പൊത്താറായ അവസ്ഥയിലുള്ള വീട്ടിൽ മരണ ഭയത്തോടെയാണ് ആ ജീവിതങ്ങൾ കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ആടുവളർത്തലിലൂടെ വരുമാനം കണ്ടെത്തുകയായിരുന്നു ശാരദയമ്മയുടെ ലക്ഷ്യം. എന്നാൽ ആട് പെറ്റുപെരുകി 30 ലധികം എത്തുകയും വീടിനകം തൊഴുത്തായി മാറുകയും ചെയ്തു. ആട് കൂട്ടത്തിനൊപ്പം നിലത്തുറങ്ങാൻ കഴിയാതെ കസേരയിൽ ഇരുന്ന് ഉറങ്ങുന്ന അമ്മയുടേയും മകളുടേയും ജീവിത കാഴ്ച കണ്ണീരോടെയല്ലാതെ കണ്ടു നിൽക്കാൻ കഴിയില്ല.
23 വർഷം മുൻപ് സർക്കാർ ധനസഹായത്താൽ നിർമ്മിച്ച വീടായതിനാൽ ഇവർക്ക് പുതിയ ഭവന പദ്ധതികളിലൊന്നും ഇടം നേടാനായില്ല. കാൽ നട പോലും ദുഷ്കരമായ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് വഴി സൗകര്യമില്ലാതെ കഴിയുന്ന ഇവർക്ക് സർക്കാർ ഭവന സഹായ തുക കൊണ്ട് വീട് നിർമ്മിയ്ക്കാനും കഴിഞ്ഞില്ല.വാർഡുമെമ്പറായ ഷീലാകുമാരി സഹോദരിയായ ഡോക്ടർ ജയകുമാരിയുടെ മനുഷ്യപ്പറ്റാർന്ന സമീപനത്തോടെ ഒരു വീടിനായുള്ള പരിശ്രമം ആരംഭിച്ചെങ്കിലും  വഴി സൗകര്യമില്ലാത്തതിനാൽ അതും ഫലം കണ്ടില്ല. ഒടുവിൽ  ശാരദാമ്മയ്ക്ക്    വീടൊരുക്കാൻ . പഞ്ചായത്തംഗവും കേരള പോലീസ് അസോസിയേഷനുംനഗരൂർ ജനമൈത്രി പോലീസും ചേർന്ന് വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. പൂർത്തിയായ വീടിന്റെ താക്കോൽ ദാനം റൂറൽ ജില്ലാ പോലീസ് മേധാവി പികെ മധു ഐപിഎസ് നിർവഹിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു , നഗരൂർ എസ്. എച്ച്.ഒ ഷിജു, പഞ്ചായത്തംഗം ഷീല കുമാരി ,കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജനമൈത്രി ബീറ്റ് ഓഫീസർ കൂടിയായ കൃഷ്ണലാൽ, പോലീസ് ഉദ്യോഗസ്ഥർ, ലയൻസ് ക്ലബ്‌ ഭാരവാഹികൾ, മറ്റു സംഘടനാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.