കേരളപോലീസിന്റെ‍ നവീകരിച്ച സിറ്റിസൺ പോർട്ടൽ 'തുണ' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പോലീസിൻറെ നവീകരിച്ച സിറ്റിസൺ സർവ്വീസ് പോർട്ടൽ, സിറ്റിസൺ സർവ്വീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
തുണ എന്ന നിലവിലെ സർവ്വീസ് പോർട്ടൽ പൊതുജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്തിയാണ്  പുതിയ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ, അപകടകേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽ വഴി അപേക്ഷിക്കാം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കുളള പണം അടയ്ക്കാൻ ഓൺലൈൻ പെയ്മെൻറ് രീതികളും പുതിയ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാനും കഴിയും. 
     
കൂടാതെ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങൾ  പരിശോധിച്ച് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്. കേരളാ പോലീസിൻറെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് മുഖേന മൊബൈൽ ഫോണുകളിലും ഈ സേവനം ലഭ്യമാകും.
 
അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോർട്ടൽ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ആവശ്യമായ രേഖകൾ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തൽസ്ഥിതി എസ്.എം.എസ് അല്ലെങ്കിൽ പോർട്ടൽ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റർ ചെയ്ത പരാതികൾക്ക് രസീതും ലഭിക്കും. പോലീസ് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 
     
പോലീസിലെ ക്രൈം ആൻറ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആൻറ് സിസ്റ്റംസ് (സി.സി.റ്റി.എൻ.എസ്) ഉദ്യോഗസ്ഥർ ടാറ്റാ കൺസൾട്ടൻസി സർവ്വീസസിൻറെ (ടി.സി.എസ്) സഹകരണത്തോടെയാണ് തുണ പോർട്ടൽ നവീകരിച്ചത്. മൈക്രോ സർവ്വീസ് അധിഷ്ഠിതമായി കണ്ടെയിനർ ഇൻഫ്രാസ്ട്രക്ച്ചറിൽ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ പോലീസ് സേനകളിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്.

#keralapolice