‘മോഡലുകൾ മരിച്ചത് സൈജു പിന്തുടർന്നതിനാൽ‌; പെൺകുട്ടികളെ രക്ഷിക്കാനാണ് റഹ്മാൻ ശ്രമിച്ചത്’

കൊച്ചി • ദേശീയപാതയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. മോഡലുകളുടെ മരണത്തിനു കാരണം സൈജു പിന്തുടർന്നതാണ് എന്നത് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.പെൺകുട്ടികളെ ഇയാളിൽനിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അബ്‌ദുൽ റഹ്മാൻ അതിവേഗത്തിൽ വാഹനം ഓടിച്ചത് എന്നും പ്രോസിക്യൂഷൻ പറയുന്നു. സൈജു വാഹനവുമായി പിന്തുടർന്നിരുന്നില്ലെങ്കിൽ മൂന്നു പേരും ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. കേസിൽ ഒന്നാം പ്രതിയാകേണ്ടത് സൈജു തങ്കച്ചനാണ് എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയത്. കാട്ടുപോത്തിനെ വെടിവച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ ഉള്ള കാര്യം കോടതി എടുത്തു ചോദിച്ചു. റിമാൻഡ് റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളുടെ സാഹചര്യത്തിലാണ് ഇയാളെ മൂന്നു ദിവസത്തേക്കു കൂടി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.