*മലയാളികള്‍ക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു*

കേരളത്തിന് അഭിമാന നിമിഷം, നാവികസേന മേധാവിയായി ആര്‍ ഹരികുമാര്‍ ചുമതലയേറ്റു, 

ന്യൂഡല്‍ഹി : മലയാളികള്‍ക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു.

അഡ്മിറല്‍ കരംബീര്‍ സിംഗ് വിരമിക്കുന്ന ഒഴിവിലേക്കായാണ് അന്‍പത്തിയൊന്‍പതുകാരനായ ഹരികുമാറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയില്‍ തുടരും.

1962 ഏപ്രില്‍ 12ന് തിരുവനന്തപുരം നന്തന്‍കോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് പത്താം ക്ളാസും ആര്‍ട്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ല്‍ എന്‍.ഡി.എയില്‍ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയില്‍ ചേരുന്നത്.

യു.എസ് നേവല്‍ വാര്‍ കോളേജ്, ബ്രിട്ടണിലെ റോയല്‍ കോളേജ് ഒഫ് ഡിഫന്‍സ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജില്‍ നിന്ന് ബിരുധാനന്തര ബിരുദവും മുംബയ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും നേടി.

ഐ.എന്‍.എസ് വിരാട്, ഐ.എന്‍.എസ് രണവീര്‍ ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി മുമ്പ്  പ്രവര്‍ത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. കല നായരാണ് ഭാര്യ. മകള്‍ അഞ്ജന നായര്‍.