മെട്രോ ട്രെയിൻ മാതൃകയിൽ ബസ്: സിറ്റി സർക്കുലർ സർവ്വീസ് ഉദ്ഘാടനം നാളെ


തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്ന തിനും ഹോപ് ഓൺ - ഹോപ് ഓഫ് മാതൃകയിൽ കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കുന്ന യാത്രാ സംവിധാനമാണ് സിറ്റി സർക്കുലർ സർവീസ്. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ, തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരി ക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ-വ്യാപാരസ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ തുടർച്ചയായി ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിലുള്ളവർക്കും പുറത്തുനിന്നുള്ളവർക്കും ഉപകാര പ്രദമാകുന്ന രീതിയിലാണ് സർവീസ്. റൂട്ടുകൾ തിരിച്ചറിയാൻ പ്രത്യേകം നിറങ്ങൾ നൽകിയിരിക്കുന്നു. എല്ലാ സിറ്റി സർക്കുലർ ബസിലും ഏത് റൂട്ടിലും പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാൻ സാധിക്കുന്ന ഗുഡ് ഡേ ടിക്കറ്റ്, ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ തുടങ്ങിയവ ഈ സർവീസിന്റെ പ്രത്യേകതകളാണ്.
തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന സിറ്റി സർക്കുലർ സർവീസിന്റെ ഉദ്ഘാടനം 2021 നവംബർ 29 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ബഹു, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡ് പുറത്തിറക്കും. ബഹു. ഭക്ഷ്യ-സിവിൽ സപ്ലൈസ്
വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ ഗുഡ് ഡേ ടിക്കറ്റ് പ്രകാശനം ചെയ്യും.