മേയർക്കെതിരായ പരാമർശം: മുരളീധരനെതിരെ കേസ്

തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ കെ.മുരളീധരൻ എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മേയറുടെ പരാതിയിലാണു നടപടി. ലൈംഗിക ചുവയോടെയുള്ള പരാമർശം (ഐപിസി 354 എ), സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509) എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസ് .
രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് എടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു യുഡിഎഫ് നടത്തുന്ന പ്രതിഷേധ സമര വേദിയിലായിരുന്നു മുരളീധരന്റെ വിവാദ പരാമർശം . കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെങ്കിലും വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെക്കാൾ ഭയാനകമായ വർത്തമാനങ്ങളാണ് എന്നായിരുന്നു വാക്കുകൾ.
ഇതൊക്ക ഒറ്റ മഴയത്തു മാത്രം കിളിർത്തതാണെന്നും മഴ കഴിയുമ്പോഴേക്കും സംഭവം തീരുമെന്നും അദ്ദേഹം പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെ സിപിഎമ്മും ഇടതുപക്ഷവും വൻ പ്രതിഷേധമാണ് ഉയർത്തിയത്.
നഗരസഭയിലെ നികുതി വെട്ടിപ്പു വിവാദങ്ങളിൽ പ്രതികൂട്ടിലായ പാർട്ടിക്കും മുന്നണിക്കും വീണു കിട്ടിയ ആയുധമായി പുതിയ വിവാദം. പരാമർശത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫിസിൽ നിന്നു രക്തസാക്ഷി മണ്ഡപത്തിലേക്കു പ്രകടനം നടത്തി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തുടങ്ങിയവരും പ്രതിഷേധിച്ചു. എന്നാൽ നഗരസഭാ ഭരണത്തിലെ അഴിമതികളിൽ നിന്നും പിടിപ്പുകേടിൽ നിന്നും ശ്രദ്ധതിരിക്കാനാണു സിപിഎം ഇതു വിഷയമാക്കുന്നതെന്നു കോൺഗ്രസും ആരോപിച്ചു.