സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്ത് കൂടി പോകുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 29: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • ഒക്ടോബര്‍ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.

ഞായറാഴ്ച വരെ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും മാലദ്വീപ് തീരം, തെക്ക്-കിഴക്കന്‍ അറബിക്കടലിലും ഞായറാഴ്ച വരെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി, തെക്ക് ആന്ധ്ര തീരങ്ങളില്‍ മണിക്കൂറില്‍ സമാന കാലാവസ്ഥയായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ഒന്‍പത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), കക്കി ആനത്തോട്, മൂഴിയാര്‍ (പത്തനംതിട്ട), ഷോളയാര്‍, പെരിങ്ങല്‍കുത്ത് (തൃശൂര്‍) അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.