കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചു; യെമന്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. യെമൻ സ്വദേശി ഈഞ്ചയ്ക്കൽ അനുരാഗ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്ള അലി അബ്ദോ അൽ ഹദ(52)യെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈഞ്ചയ്ക്കലിലെ റസ്റ്റോറന്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സ്ആപ്പ്, മെസഞ്ചർ എന്നിവ വഴി പ്രചരിപ്പിക്കുന്നതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് പോക്സോ, ഐ.ടി. ആക്ടുകൾ പ്രകാരം കേസെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.വഞ്ചിയൂർ എസ്.എച്ച്.ഒ. ദിപിൻ, എസ്.ഐ. മാരായ ഉമേഷ്, വിനീത, സി.പി.ഒ.മാരായ ജോസ്, ഗോകുൽ, ബിന്ദു, സുനിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.