കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന വിവരങ്ങള്‍:
തിരുവനന്തപുരം ജില്ല: ഇവിടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകള്‍: കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
വേനല്‍മഴയോടൊപ്പമുള്ള ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക:
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്റുക; തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
ജനലുകളും വാതിലുകളും അടച്ചിടുക, ഭിത്തിയിലോ തറയിലോ പരമാവധി സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങാതിരിക്കുക.
മത്സ്യബന്ധനവും ബോട്ടിങ്ങും പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് ഉടന്‍ കരയിലേക്ക് മടങ്ങുക. പട്ടം പറത്തുന്നതും ഒഴിവാക്കുക.
മിന്നലേറ്റാല്‍ ആദ്യ 30 സെക്കന്‍ഡുകള്‍ ജീവന് രക്ഷിക്കാന്‍ നിര്ണായകമായതിനാല് ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കുക.