നമ്മുടെ നാട്ടിൽ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയാണ്. ഇത്തരം പച്ചക്കറികളിലാണ് വലിയ തോതിൽ മാരകമായ രാസവളപ്രയോഗം നടന്നിട്ടുള്ളതെന്നും പരിശോധനാഫലങ്ങൾ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ അമിതമായി കീടനാശിനികൾ പ്രയോഗിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അറിയാതെയാണെങ്കിലും സ്വന്തം കുടുംബാംഗങ്ങൾക്ക് പച്ചക്കറികൾക്കൊപ്പം കീടനാശിനികൾ കൂടി വാങ്ങി നൽകേണ്ടിവരുന്ന ദാരുണമായ ഒരു സാഹചര്യത്തിലൂടെയാണ് മലയാളി സമൂഹം കടന്നുപോകുന്നത്. ആരോഗ്യ സംരക്ഷണത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതലുള്ളതും മലയാളികൾക്കാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിലെത്തുന്ന പച്ചക്കറികളിൽ കീടനാശിനി പ്രയോഗം നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നെങ്കിലും, അവ എത്രത്തോളം മാരകവും ഹാനികരവുമാണെന്ന കാര്യത്തിൽ കൃത്യമായ ഒരു സ്ഥിരീകരണം ഉണ്ടാകുന്നത് കൃഷിവകുപ്പിന്റെ ഈ ഔദ്യോഗിക കണ്ടെത്തലോടെയാണ്. സുരക്ഷിതമായ ഭക്ഷണത്തിന്റെ അഭാവം ജീവിതശൈലി രോഗങ്ങൾ പെരുകാൻ കാരണമാകുന്ന സാഹചര്യത്തിൽ, കൃഷിവകുപ്പും സംസ്ഥാന സർക്കാരും ഉചിതമായ മാറ്റങ്ങൾ വരുത്താനുള്ള അടിയന്തര ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1200-ലധികം സാമ്പിളുകൾ ശേഖരിച്ച് സർക്കാർ തലത്തിലുള്ള ഔദ്യോഗിക ലാബുകൾ വഴി പരിശോധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവിടുന്നത്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായിരുന്ന സമയത്ത് മട്ടുപ്പാവ് കൃഷി വ്യാപകമാക്കാൻ വലിയ മുന്നേറ്റം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി അത് തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ‘കതിർ’ പദ്ധതിയിലൂടെ കുട്ടികളിൽ ബോധവൽക്കരണം നടത്തി അവരെ കൃഷി മേഖലയിലേക്ക് തിരിച്ചെത്തിക്കാനുള്ള വലിയ ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ 90 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത് എന്നതിനാൽ, ഇതര സംസ്ഥാന പച്ചക്കറികൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുക പ്രായോഗികമല്ല. പെട്ടെന്നൊരു നിരോധനം ഏർപ്പെടുത്തിയാൽ സംസ്ഥാനത്ത് കടുത്ത പച്ചക്കറി ക്ഷാമവും വൻ വിലക്കയറ്റവും പോലുള്ള വലിയ പ്രതിസന്ധികൾ ഉടലെടുക്കും. അതിനാൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തിനകത്ത് തന്നെ പച്ചക്കറി ഉത്പാദനം വർദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് കൃഷിവകുപ്പ് പദ്ധതിയിടുന്നത്.
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നത് മാത്രമാണ് ഈ രൂക്ഷമായ വിഷബാധ തടയാനുള്ള പ്രധാന മാർഗ്ഗം. കേരളത്തിലെ പ്രാദേശിക കർഷകർ വലിയ തോതിലുള്ള രാസപ്രയോഗങ്ങൾ ഒഴിവാക്കുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന ഘട്ടത്തിൽ മാത്രമല്ല വിളവെടുത്ത ശേഷവും അവയുടെ മുകളിലേക്ക് നേരിട്ട് മാരകമായ രാസവസ്തുക്കൾ തളിക്കുന്ന രീതിയാണ് കണ്ടുവരുന്നത്.
പച്ചക്കറികൾ വാങ്ങുമ്പോൾ അവയിൽ ചെറിയ പാടുകളോ കേടുകളോ ഉണ്ടാകരുത് എന്ന് കരുതി ഉപഭോക്താക്കൾ മാറ്റിവെക്കുന്ന പ്രവണത ഉള്ളതുകൊണ്ടാണ് കച്ചവടക്കാരും ഉത്പാദകരും അവയ്ക്ക് മുകളിൽ രാസവസ്തുക്കൾ അടിക്കുന്നത്. ഇത് മറികടക്കാൻ സ്വന്തം വീടുകളിൽ സ്ഥലം ഇല്ലെങ്കിലും മട്ടുപ്പാവിലോ വീട്ടുമുറ്റത്തോ 10 അല്ലെങ്കിൽ 20 ക്യാരി ബാഗുകളിൽ തടങ്ങളുണ്ടാക്കി വിഷരഹിത കൃഷി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വീടുകൾക്ക് പുറമെ സ്കൂളുകൾ, ഐ.ടി കമ്പനികൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ കൂടി പങ്കാളികളാക്കിക്കൊണ്ട് സ്വയംപര്യാപ്തത നേടാനുള്ള വലിയൊരു പദ്ധതി വിജയിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.