‘രാഹുലിന് മുൻപ് ഒരു മകൻ ജനിച്ചിരുന്നു, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്’; വേദനാജനകമായ ഓർമ്മകൾ പങ്കുവെച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതത്തിലെ ഇതുവരെ ആരും അറിയാത്ത, ഏറ്റവും വേദന നിറഞ്ഞ ഒരു വെളിപ്പെടുത്തൽ പുറത്ത്. രാഹുൽ ഗാന്ധി ജനിക്കുന്നതിന് മുൻപ് തനിക്കൊരു ആൺകുഞ്ഞ് ജനിച്ചിരുന്നുവെന്നും, എന്നാൽ ജനിച്ച് മണിക്കൂറുകൾക്കകം ആ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. ചൊവ്വാഴ്ച പുറത്തിറങ്ങിയ തന്റെ ആത്മകഥയായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ജീവിതത്തിലെ കയ്പേറിയ ഈ അനുഭവങ്ങൾ അവർ തുറന്നെഴുതിയിരിക്കുന്നത്.

1968 സെപ്റ്റംബറിലാണ് സോണിയ ഗർഭിണിയാണെന്ന വാർത്ത ഗാന്ധി കുടുംബത്തിൽ വലിയ സന്തോഷം നിറച്ചത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രതീക്ഷിച്ചതിലും രണ്ട് മാസം മുൻപ്, 1969 ജനുവരി 18-ന് സോണിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള വിരലുകളുമുള്ള ആ കുഞ്ഞിനെ ആദ്യ കാഴ്ചയിൽ തന്നെ താനും രാജീവ് ഗാന്ധിയും അതിയായി സ്നേഹിച്ചു തുടങ്ങിയെന്ന് സോണിയ കുറിക്കുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പിറ്റേന്ന് പുലർച്ചെ 6.30-ഓടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. രാജീവാണ് ഈ വിവരം തന്നെ അറിയിച്ചതെന്നും, സാധാരണയായി വികാരങ്ങൾ പുറത്ത് കാണിക്കാത്ത രാജീവ് അന്ന് പൊട്ടിക്കരഞ്ഞുവെന്നും പുസ്തകത്തിൽ പറയുന്നു. വാർത്തയറിഞ്ഞ് യാത്ര വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തിയ ഇന്ദിര ഗാന്ധിയും അന്ന് ഏറെ വികാരാധീനയായിരുന്നു.

ഹിന്ദു ആചാരപ്രകാരം നവജാത ശിശുക്കളുടെ മൃതദേഹം നദിയിലൊഴുക്കുകയാണ് പതിവെങ്കിലും സോണിയ അതിന് തയ്യാറായില്ല. ഒരിക്കൽ ഓഖ്ല ബാരേജിൽ ഒരു മൃതദേഹത്തെ നായ്ക്കൾ വലിച്ചിഴക്കുന്നത് കണ്ടതിന്റെ ഭയമായിരുന്നു കാരണം. തന്റെ കുഞ്ഞിന് ആ ഗതി വരരുതെന്ന് സോണിയ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് രാജീവ് ഗാന്ധിയും സഹോദരൻ സഞ്ജയ് ഗാന്ധിയും ചേർന്ന് മെഹ്‌റൗളിയിലെ ഫിറോസ് ഗാന്ധിയുടെ ഫാംഹൗസിൽ പൂത്തുനിൽക്കുന്ന ഒരു പിങ്ക് ബോഗൻവില്ല ചെടിയുടെ ചുവട്ടിൽ ആഴത്തിൽ കുഞ്ഞിനെ അടക്കം ചെയ്യുകയായിരുന്നു. പിന്നീട് ഫാംഹൗസിൽ പോകുമ്പോഴെല്ലാം ഇരുവരും ആ സ്ഥലത്ത് പൂക്കൾ അർപ്പിക്കാറുണ്ടായിരുന്നു.

കുഞ്ഞിന്റെ മരണം സോണിയയെ കടുത്ത വിഷാദത്തിലേക്കാണ് തള്ളിവിട്ടത്. ഇതിനിടയിൽ ഇന്ദിര ഗാന്ധിയെ ലക്ഷ്യമിട്ട് ഒരു വലതുപക്ഷ പത്രം നൽകിയ വാർത്ത സോണിയയെ കൂടുതൽ തളർത്തി. ‘അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞിന്റെ മുത്തശ്ശിയാകാനുള്ള ഇന്ദിരയുടെ ശ്രമം പരാജയപ്പെട്ടു’ എന്നായിരുന്നു ആ അധിക്ഷേപം. തന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവാണ് ആ വാക്കുകൾ ഉണ്ടാക്കിയതെന്ന് സോണിയ ഓർക്കുന്നു. ഗർഭകാലത്ത് ഇറ്റാലിയൻ ഭക്ഷണം ലഭിക്കാത്തതായിരുന്നു ഏക വിഷമമെന്നും, അക്കാലത്ത് ദിവസവും 12 ഗ്ലാസ് വരെ ഫാന്റ കുടിച്ചിരുന്ന കാര്യവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഒടുവിൽ ഈ ദുഃഖങ്ങളിൽ നിന്ന് പതിയെ മുക്തയായി, 1970 ജൂൺ 19-നാണ് സോണിയ രാഹുൽ ഗാന്ധിക്ക് ജന്മം നൽകിയത്.