തിരുവനന്തപുരം സ്വർണക്കവർച്ച; മറ്റൊരു ജ്വല്ലറി ഉടമ കസ്റ്റഡിയിൽ; ബിസിനസ് കുടിപ്പകയെന്ന് സൂചന

തിരുവനന്തപുരം ചാലയിലെ വൻ സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചയ്ക്കിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയാണ് കവർച്ച ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വൈഷ്ണവി ജ്വല്ലറിയുടെ സമീപത്താണ് ജയറാമിന്റെ ഉടമസ്ഥതയിലുള്ള മാളവിക ജ്വല്ലറി പ്രവർത്തിക്കുന്നത്. സ്വർണ ഏജന്റുമാർ തമ്മിലുള്ള പ്രശ്നങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. നന്ദകുമാറിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കേസിൽ നേരത്തെ ആറുപേർ അറസ്റ്റിലായിരുന്നു. ഇതിൽ പിടിയിലായ മഹാരാഷ്ട്ര സ്വദേശി അമോലുമായി ജയറാമിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് ജയറാമിലേക്ക് അന്വേഷണം എത്താൻ സഹായിച്ചത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച രാത്രി പത്തരയോടെ കട പൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദകുമാറാണ് കവർച്ചയ്ക്കിരയായത്. ശരീരത്തിന് കുറുകെയിട്ട ക്രോസ് ബാഗിൽ സൂക്ഷിച്ചിരുന്ന 2.6 കോടി രൂപ മൂല്യമുള്ള സ്വർണം ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു.