വർക്കല: പാപനാശം ഹെലിപ്പാടിന് സമീപം പ്രവർത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിൽ ജാപ്പനീസ് പൗരത്വമുള്ള 57 വയസ്സുകാരിയായ യോഗ പരിശീലകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്ഥാപന ഉടമയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പാപനാശത്തെ 'കേരള യോഗശാല' ഉടമയും ആന്ധ്രപ്രദേശിലെ പുട്ടപർത്തി കൃഷ്ണപുരം സ്വദേശിയുമായ നരേഷ് (39) ആണ് പിടിയിലായത്.
കഴിഞ്ഞ 23 വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജാപ്പനീസ് വംശജയാണ് പരാതിക്കാരി. ഓസ്ട്രേലിയയിൽ വെച്ചുള്ള പരിചയത്തിലൂടെയാണ് ഇവർ നരേഷിന്റെ സ്ഥാപനത്തിൽ യോഗ പരിശീലകയായി എത്തിയത്. ഒക്ടോബർ 28-ന് രാത്രി ഒൻപത് മണിയോടെയാണ് പ്രതി ആദ്യമായി അതിക്രമത്തിന് മുതിർന്നതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് ഒക്ടോബർ 30, 31 തീയതികളിലും യോഗ കേന്ദ്രത്തിൽ വെച്ച് ഇയാൾ ഉപദ്രവം തുടരുകയായിരുന്നു.
അതിക്രമത്തെ ശക്തമായി എതിർത്തിട്ടും പ്രതി പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വിദേശ വനിത പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വർക്കല പൊലീസ് നരേഷിനെ അറസ്റ്റ് ചെയ്ത് തുടർ നിയമനടപടികൾ ആരംഭിച്ചു.