കഴിഞ്ഞ അമ്പത് വർഷത്തോളമായി കല്യാണിയമ്മ തനിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ കാപ്പൻ റസാക്കും സുലൈമാനും അവരുടെ കുടുംബവും ഒരിക്കൽപ്പോലും ആ അമ്മയെ ഒരു അന്യയായി കണ്ടിരുന്നില്ല. സ്വന്തം പെറ്റമ്മയെപ്പോലെയാണ് അവർ കല്യാണിയമ്മയെ സംരക്ഷിച്ചിരുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കല്യാണിയമ്മ കിടപ്പിലായപ്പോഴും ഈ കുടുംബം പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മരുന്നുകൾ വാങ്ങി നൽകുന്നതിനുമെല്ലാം ഇവർ തന്നെയായിരുന്നു മുൻപന്തിയിൽ. പരസഹായമില്ലാതെ കിടപ്പിലായ ആ സമയത്ത് റസാക്കിന്റെ ഭാര്യയാണ് കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെ പരിചരിച്ചതും തണലൊരുക്കിയതും.
കല്യാണിയമ്മയുടെ അവസാന നിമിഷങ്ങളിലും ഈ കുടുംബം ആ മരണക്കിടക്കയ്ക്ക് സമീപം തന്നെയുണ്ടായിരുന്നു. മരണശേഷം അന്ത്യകർമ്മങ്ങൾ ചെയ്യാൻ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയതോടെ ആ ചുമതലയും റസാക്കും സുലൈമാനും ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ആണ്ടൂർ കുറ്റിഞ്ഞിലകം ഹിന്ദു ശ്മശാനത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാണ് ഇവർ മൃതദേഹം ചിതയിലേക്കെടുത്തത്. ഐവർമഠത്തിലെ കർമ്മിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് അവർ അന്ത്യകർമ്മങ്ങൾ ചെയ്തത്. മനുഷ്യൻ ഒടുവിൽ മണ്ണിലേക്ക് മടങ്ങുമ്പോൾ അവിടെ മതത്തിന്റെയോ ജാതിയുടെയോ മതിലുകളില്ലെന്ന വലിയൊരു സന്ദേശമാണ് ഈ സഹോദരങ്ങൾ സമൂഹത്തിന് നൽകുന്നത്.