ജോലി ഉപേക്ഷിച്ച് അച്ഛന്റെ കട നോക്കുന്നതിൽ യാതൊരു സങ്കടവുമില്ല.. ഈ കട കാരണമാണ് എല്ലാം ഉണ്ടായത് - ഭദ്രകീർത്തി

പാലക്കാട് :കഴിഞ്ഞ  25 വർഷമായി ചിറ്റൂർ അമ്പലത്തിനടത്ത് ജയബാലകൃഷ്ണൻ എന്ന വ്യക്തി നടത്തിക്കൊണ്ടുപോയ ആ തട്ടുകട ഏറ്റെടുത്ത് മകൾ ഭദ്രകീർത്തി. ഹൈദരാബാദിൽ ഫുഡ് സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്തിരുന്ന ഭദ്രകീർത്തി, അച്ഛന്റെ വിയോഗത്തെ തുടർന്ന് ആ ജോലി ഉപേക്ഷിച്ചാണ് അമ്മയ്ക്കും അനിയനുമൊപ്പം ഈ തട്ടുകട മുന്നോട്ട് കൊണ്ടുപോകാൻ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു ആ വലിയ ദുരന്തം സംഭവിച്ചത്. തട്ടുകട അടച്ച് രാത്രി വീട്ടിലേക്ക് മടങ്ങും വഴി ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ വെച്ച് വാഹനാപകടത്തിൽ ജയബാലകൃഷ്ണൻ മരണപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കുടുംബത്തിന്റെ പ്രധാന ജീവനോപാധിയായ ആ തട്ടുകട ഇത്രയും നാൾ അടഞ്ഞുകിടക്കുകയായിരുന്നു.

"ഈ നിലയിലും പദവിയിലും ഒക്കെ എത്താൻ കാരണം ഈ തട്ടുകട തന്നെയാണ്; അതുകൊണ്ട് തന്നെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ കട നോക്കുന്നതിൽ യാതൊരു സങ്കടവുമില്ല" എന്ന് ഭദ്രകീർത്തി ഉറപ്പിച്ചു പറയുന്നു. അച്ഛൻ ഉള്ളപ്പോൾ എങ്ങനെയായിരുന്നോ അതേ ടേസ്റ്റും ഗുണനിലവാരവും തന്നെ ഈ കടയിലൂടെ ഇനിയങ്ങോട്ടും നിലനിർത്തുമെന്നും, കുടുംബത്തിന്റെ ചുമതല പൂർണ്ണമായി ഏറ്റെടുത്ത് അമ്മയെയും അനിയനെയും ചേർത്തുപിടിച്ച് ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ, അച്ഛന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെയും നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങൾ അവസാന ശ്വാസം വരെ തുടരുമെന്നും ഭദ്രകീർത്തി പറയുന്നു. അച്ഛന്റെ വിയോഗം ഏൽപ്പിച്ച വലിയ ആഘാതത്തിലും തളരാതെ, ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരികെ നടക്കാനും അച്ഛന്റെ ഓർമ്മകളെയും സ്വപ്നങ്ങളെയും ചേർത്തുപിടിക്കാനും ഇറങ്ങിത്തിരിച്ച ഈ മകളുടെയും കുടുംബത്തിന്റെയും ദൃഢനിശ്ചയം ഓരോരുത്തർക്കും വലിയൊരു പ്രചോദനമാണ്.