പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശൻ ഉപയോഗിച്ച ഔദ്യോഗിക നമ്പർ തരപ്പെടുത്തിയാണ് തട്ടിപ്പിന് ഉപയോഗിച്ചത്
തിരുവനന്തപുരം:
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ പിടിയിൽ. വെമ്പായം സ്വദേശി ഷംനാദാണ് പിടിയിലായത്. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കളവുകേസ് ഉൾപ്പെടെ പ്രതിയാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ അനുവദിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ സൗജന്യമായി പോർട്ടുചെയ്താണ് ഇയാൾ ഈ നമ്പർ ബിഎസ്എൻഎല്ലിന് പ്രത്യേക അപേക്ഷ നൽകി ഷംനാദ് തരപ്പെടുത്തിയെടുക്കുകയായിരുന്നു.
ഡിവൈഎസ്പിമാർ, സിഐമാർ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയുൾപ്പെടെ 'മുഖ്യമന്ത്രിയാണ്' എന്നു പറഞ്ഞ് വിളിച്ച് വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ട്രൂ കോളറിൽ 'വി ഡി സതീശൻ' എന്നുകാണുമ്പോൾ ഉദ്യോഗസ്ഥർ പലരും വിശ്വസിക്കുകയും ചെയ്തു. മുഖ്യമന്ത്രി നേരിട്ടുവിളിച്ച് നിർദേശം നൽകിയതിൽ സംശയം തോന്നിയ ഒരു സിഐയാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, വി ഡി സതീശൻ ആ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പേരിൽ ഷംനാട് എന്തൊക്കെ നേടിയെടുത്തുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് പല നേതാക്കളുടെയും മുൻപ് ഉപയോഗിച്ചിരുന്ന നമ്പർ ഇയാൾ തരപ്പെടുത്തിയതായും സംശയിക്കുന്നുണ്ട്.