കഴിഞ്ഞ ദിവസമായിരുന്നു പ്രദേശത്ത് ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടമുണ്ടായത്. മദ്യലഹരിയിലായിരുന്ന സംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകളിൽ കയറി അക്രമം നടത്തുകയായിരുന്നു. ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ക്രൂരമായി മർദനമേറ്റു. കടകൾക്ക് പുറമെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും ഇവർ അടിച്ചുതകർത്തു. നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള കൊള്ളി നിയാസ്, സുഹൃത്ത് ജാക്‌സൺ എന്നിവരടങ്ങുന്ന സംഘമാണ് ഇരുസ്ഥലങ്ങളിലും ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പെരുമ്പുഴയിലെ ഒരു ഹോട്ടലിൽ എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കിക്കൊണ്ടിരുന്ന ജീവനക്കാരന് നേരെയും ഈ സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. പലഹാരങ്ങൾ വലിച്ചെറിയുകയും കട പൂർണ്ണമായും തല്ലിത്തകർക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിനാലാണ് സംഘം ഹോട്ടൽ തകർത്തതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ ഗുണ്ടാസംഘം നടത്തിയ ആക്രമണമാണിതെന്നും വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പോലീസ് അറിയിച്ചു.