ഗിന്നസ് ജേതാവും പൊതുപ്രവര്‍ത്തകനുമായ പടവണ്ണ അബ്ദുല്‍ സലീം നല്കിയ പരാതിയിലാണ് പൊലീസിന്റെ ഇടപെടല്‍. പണപ്പിരിവിനായി വീടുകളിലെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വിശ്വാസ്യത, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം, പിരിവിനുള്ള നിയമാനുമതി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ലാതെയാണ് പലരും പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
രോഗികളുടെ ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമെന്ന പേരില്‍ വീടുകളിലെത്തി പണം ആവശ്യപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശേഖരിക്കുന്ന തുക പ്രഖ്യാപിച്ച ആവശ്യങ്ങള്‍ക്ക് തന്നെ വിനിയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും പരിശോധന വേണമെന്നാണ് ആവശ്യം. വ്യാജ സംഘടനകളുടെ പേരില്‍ പണം ശേഖരിച്ച് പൊതുജനങ്ങളെ വഞ്ചിക്കാനുള്ള സാധ്യതയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം അനധികൃത പണപ്പിരിവുകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വഴിവെക്കുന്നതിനൊപ്പം വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകാമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പണപ്പിരിവിന്റെ പേരില്‍ വീടുകളിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി.
പരാതി ഗൗരവമായി പരിഗണിച്ച ജില്ലാ പൊലീസ് മേധാവി നവംബര്‍ 19ന് തുടര്‍നടപടികള്‍ക്കായി ഉത്തരവ് കൈമാറി. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, താനൂര്‍ എന്നീ പൊലീസ് സബ് ഡിവിഷനുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. പ്രദേശങ്ങളില്‍ നടക്കുന്ന പണപ്പിരിവുകളെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
പണപ്പിരിവിന് എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകളും സംഘടനയുടെ ഔദ്യോഗിക വിവരങ്ങളും പരിശോധിക്കണമെന്നും നിയമാനുസൃതമായ അനുമതിയില്ലാതെ പണം ശേഖരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ ഇത്തരം പണപ്പിരിവുകളില്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും യഥാര്‍ഥ സഹായം അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ.