കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്ത്. കാൽമുട്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ കാലിലെ പൊട്ടൽ ആദ്യ പരിശോധനയിൽ കണ്ടെത്താനാകാതെ നിസ്സാര പരിക്കാണെന്ന് വിലയിരുത്തി ബാൻഡേജ് കെട്ടി വിട്ടെന്നാണ് കുടുംബത്തിന്റെ പരാതി.
മടവൂർ മാങ്കോണം സ്വദേശിയായ മുഹമ്മദ് സിനാൻ (23) കഴിഞ്ഞ ഒക്ടോബർ ഒന്നിന് അയൽവാസിയുമായുള്ള അതിർത്തി തർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ കാലിലെ പൊട്ടൽ കണ്ടെത്താനായില്ലെന്നും നിസ്സാര പരിക്കാണെന്ന് വിലയിരുത്തി ബാൻഡേജ് കെട്ടി വിട്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.
സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും ഉൾപ്പെടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പരാതിയിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ചികിത്സയിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.