പൂന്തുറ തീരദേശ ഗ്രാമത്തിൽനിന്നും സ്വപ്നങ്ങളുടെ വലിയ ലോകത്തേക്ക് ചിറകുവിരിച്ചുയർന്ന് പുതിയ തലമുറയുടെ പ്രതീകമായി മാറുകയാണ് കരിഷ്മ ബിൻരാജ്

പൂന്തുറ തീരദേശ ഗ്രാമത്തിൽനിന്നും സ്വപ്നങ്ങളുടെ വലിയ ലോകത്തേക്ക് ചിറകുവിരിച്ചുയർന്ന് പുതിയ തലമുറയുടെ പ്രതീകമായി മാറുകയാണ് കരിഷ്മ ബിൻരാജ്. തിരുവനന്തപുരം പൂന്തുറയിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റ് എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരുപത്തിയഞ്ചുകാരി. പൂന്തുറയിൽ നിന്നും മാത്രമല്ല, കുടുംബത്തിൽ നിന്നുതന്നെയുള്ള ആദ്യ പൈലറ്റ് എന്ന നേട്ടവും കരിഷ്മയുടെ ഈ വിജത്തിന് തിളക്കം കൂട്ടുന്നു. സാധാരണക്കാരുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന് പ്രതിസന്ധികളെ മുഖാമുഖം തോൽപ്പിച്ച് ആകാശവീഥി കീഴടക്കിയ കരിഷ്മയുടെ വിജയം കേരളത്തിന് മുഴുവൻ മാതൃകയാവുകയാണ്.

പത്താം വയസ്സിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന ബന്ധുവിൽ നിന്നാണ് കരിഷ്മ ആദ്യമായി വിമാനയാത്രകളെയും വനിതാ പൈലറ്റുമാരെയും കുറിച്ചുള്ള കഥകൾ കേൾക്കുന്നത്. ആ കേട്ടറിവുകൾ കുട്ടിക്കാലത്തെ കൗതുകത്തിനപ്പുറം കരിഷ്മയുടെ മനസ്സിൽ വലിയൊരു ലക്ഷ്യത്തിന് തിരികൊളുത്തി. വളർച്ചയുടെ ഓരോ ഘട്ടത്തിലും പൈലറ്റ് ആകുകയെന്ന ആഗ്രഹം അവൾ കൂടുതൽ കരുത്തോടെ കൂടെക്കൂട്ടി. സാധാരണ സാമ്പത്തിക ചുറ്റുപാടുകളുള്ള ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന കരിഷ്മയ്ക്ക് മുന്നിൽ ആ ലക്ഷ്യം എത്തിപ്പിടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പൈലറ്റ് പരിശീലനത്തിനായി ആവശ്യമായ പണം കണ്ടെത്തുക എന്നത് വലിയൊരു കടമ്പയായിരുന്നു.

വ്യോമസേനയിലൂടെ പൈലറ്റ് പരിശീലനം നേടാനുള്ള കരിഷ്മയുടെ ആദ്യകാല ശ്രമങ്ങൾ പല കാരണങ്ങളാൽ വിഫലമായി തീർന്നു. എന്നാൽ ആ തിരിച്ചടികൾ അവളെ തളർത്തിയില്ല. സ്വപ്നത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന കരിഷ്മ ഇരുപത്തിയഞ്ചാം വയസ്സിൽ സ്വന്തം നിലയിൽ വായ്പയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തി വിമാന പറത്തൽ പരിശീലനം ആരംഭിക്കുകയായിരുന്നു. പരിശീലന കാലയളവിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ അവളെ തേടിയെത്തി. എങ്കിലും ലക്ഷ്യബോധവും കഠിനാധ്വാനവും കൈവിടാതെ അവൾ എല്ലാ തടസ്സങ്ങളെയും ധീരമായി നേരിട്ടു. അക്ഷീണമായ പരിശ്രമത്തിനൊടുവിൽ ഒടുവിൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കാൻ കരിഷ്മയ്ക്ക് സാധിച്ചു.