അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തിൽ പേരക്കുട്ടിക്ക് ജന്മാവകാശമില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നിർണായക വിധിയുമായി സുപ്രീം കോടതി. മുത്തച്ഛന്റെ സ്വത്ത് അവകാശികൾക്ക് കൈമാറുകയും അത് ഭാഗം വെക്കുകയും ചെയ്താൽ, അച്ഛന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ പൂർണ്ണമായ വ്യക്തിഗത സ്വത്തായി മാറുമെന്നും അതിൽ പേരക്കുട്ടിക്ക് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വസ്തു തർക്കങ്ങളിലെ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

മുത്തച്ഛനിൽ നിന്ന് പിതാവിന് ഭാഗമായി ലഭിക്കുകയും പിന്നീട് അദ്ദേഹം വിൽക്കുകയും ചെയ്ത ഭൂമിയിൽ പകുതി അവകാശം ചോദിച്ച് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. 1997-ൽ മൈനറായിരുന്ന മകന് വേണ്ടി മാതാവ് ജെ.ഗോമതിയെ സ്വാഭാവിക രക്ഷാധികാരിയാക്കി നൽകിയ സിവിൽ ഹർജിയിലാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇപ്പോൾ അന്തിമ വിധിയുണ്ടായിരിക്കുന്നത്. മുത്തച്ഛനായ എൻ. രാമകൃഷ്ണൻ്റെ കൂട്ടുകുടുംബ സ്വത്ത് പിതാവ് എം. കുമരന് ലഭിച്ചതാണെന്നും, അതിനാൽ ഈ വസ്തുവിൽ തനിക്ക് പകുതി വിഹിതത്തിനും കൈവശാവകാശത്തിനും അർഹതയുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. 1993-ൽ ഹർജിക്കാരന്റെ പിതൃസഹോദരി നൽകിയ ഭാഗംവെയ്പ്പ് കേസ് 1994-ൽ ഒത്തുതീർപ്പാവുകയും തർക്കഭൂമി പിതാവിന് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് 1997-ലാണ് പിതാവ് ഈ ഭൂമി വിറ്റത്.

ഈ കേസിൽ ചെന്നൈ സിറ്റി സിവിൽ കോടതി ഹർജിക്കാരന് അനുകൂലമായി ഭാഗം വെക്കുന്നതിനായി പ്രാഥമിക വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വസ്തു വാങ്ങിയവർ ഇതിനെതിരെ നൽകിയ അപ്പീലിൽ ഫസ്റ്റ് അപ്പലേറ്റ് കോടതി ഈ വിധി റദ്ദാക്കി. നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിക്കുന്ന സ്വത്ത് അദ്ദേഹത്തിൻ്റെ കേവല സ്വത്താണെന്നും അതിൽ മകന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പിന്നീട് മകൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ഇതേ നിലപാട് ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഭാഗം വെയ്പ്പിലൂടെ പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്താണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഹൈക്കോടതി വിധിയിൽ യാതൊരു പിഴവുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ചെലവുകൾ ഈടാക്കാതെ അപ്പീൽ തള്ളുകയായിരുന്നു.