തലസ്ഥാനം വീണ്ടും വെള്ളത്തിൽ മുങ്ങി, കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; 9 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം: പകൽനേരത്ത് ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്തതോടെ തലസ്ഥാനനഗരം വീണ്ടും വെള്ളത്തിൽ മുങ്ങി. കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ. തുലാവർഷ സമയത്ത് സാധാരണ ലഭിക്കുന്ന മഴയാണിതെന്ന് വിദഗ്ധർ പറയുന്നു.തമ്പാനൂരിൽ വെള്ളം ഒഴുകിപ്പോകാതെ റോഡുകൾ മുങ്ങി റെയിൽവേ സ്‌റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണമായി വെള്ളത്തിലായി.

നൂറുകണക്കിനാളുകളാണ് ദുരിതത്തിൽപ്പെട്ടത്. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും വെള്ളത്തിലായി. ആമയിഴഞ്ചാൻ തോട്ടിൽനിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകി. ബസ് ഒഴികെയുളള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും റെയിൽവേ സ്‌റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്.