മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഓൺലൈൻ വഴി പ്രചരിക്കുന്ന ഫെയർനസ് ക്രീം ഉപയോഗിച്ചു; 17-കാരിക്ക് ഗുരുതര വൃക്കരോഗം; വില്ലനായത് അമിത അളവിലുള്ള മെർക്കുറി..!

സംസ്ഥാനത്തെ വിപണികളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചു. ഒരു വർഷത്തോളം ഇത്തരത്തിലുള്ള ക്രീം ഉപയോഗിച്ച പെൺകുട്ടിക്കാണ് 'മെംബ്രനസ് നെഫ്രോപ്പതി' എന്ന ഗുരുതര രോഗാവസ്ഥ കണ്ടെത്തിയത്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ഈ ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി വാർത്താ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനായാണ് പെൺകുട്ടി ഓൺലൈൻ വഴി ക്രീം വാങ്ങി ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചത്.

എന്നാൽ, അടുത്തിടെ കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതിനെത്തുടർന്ന് വിദഗ്ധ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ആരോഗ്യ പരിശോധനയിലാണ് ശരീരത്തിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം കൂടുതലാണെന്ന് കണ്ടെത്തിയത്.

*സംഭവത്തെത്തുടർന്ന് ക്രീമിന്റെ സാമ്പിളുകൾ കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ച്, വലിയ അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കേന്ദ്ര ലാബിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതോടെ കർശന നിയമനടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.

ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് വഴി ചർമ്മത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ (Glomeruli) സാരമായി നശിപ്പിക്കുന്നു. ഇത് മൂത്രത്തിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.