പോർച്ചുഗീസ് ദേശീയ ഫുട്ബോൾ ടീമിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. പരിശീലകൻ ഹോർഹെ ജീസസുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പ് വിട്ടു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണായക തീരുമാനമെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ടീം വിടാനുള്ള യഥാർഥ കാരണം വൈകാതെ പോർച്ചുഗീസ് ജനതയ്ക്ക് മുന്നിൽ തുറന്നുപറയുമെന്ന് റൊണാൾഡോ അറിയിച്ചിട്ടുണ്ട്. റൊണാൾഡോയുടെ ഈ അപ്രതീക്ഷിത മടങ്ങിപ്പോക്കോടെ, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും സജീവമായിരിക്കുകയാണ്.
യുവേഫ നേഷൻസ് ലീഗിൽ നോർവേയ്ക്കെതിരായ മത്സരമാണ് തർക്കങ്ങളുടെ തുടക്കം. വെയിൽസിനെതിരായ മത്സരത്തിന് ശേഷം നോർവേയ്ക്കെതിരെ റൊണാൾഡോയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ വാം-അപ്പ് ചെയ്തെങ്കിലും, മുന്നേറ്റ താരം ഗോൺസാലോ റാമോസിന്റെ മികച്ച പ്രകടനത്തോടെ പോർച്ചുഗൽ 2-1 ന് മുന്നിലെത്തി.
ടീം ലീഡ് ചെയ്തതോടെ പരിശീലകൻ ഹോർഹെ ജീസസ് തന്ത്രങ്ങൾ മാറ്റി. റൊണാൾഡോയെ കളത്തിലിറക്കാൻ അദ്ദേഹം തയ്യാറായില്ല. മത്സരത്തിലുടനീളം ബെഞ്ചിലിരിക്കേണ്ടി വന്നതിൽ പ്രകോപിതനായ റൊണാൾഡോ, കളിക്ക് ശേഷം സഹതാരങ്ങൾക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാൻ നിൽക്കാതെ നേരെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസങ്ങളിൽ സാധാരണ ടീം പരിശീലനത്തിന് ഇറങ്ങാതെ റൊണാൾഡോ ജിമ്മിൽ തനിച്ച് സമയം ചെലവഴിച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
കളിക്കാരുടെ നിലവിലെ പ്രകടനമാണ് പ്രധാനമെന്നും ഭൂതകാല നേട്ടങ്ങളല്ലെന്നും ഹോർഹെ ജീസസ് തുറന്നടിച്ചു. ക്രിസ്റ്റ്യാനോയും മറ്റ് കളിക്കാരെപ്പോലെ തന്നെയാണ്. മികച്ച പ്രകടനം പുറത്തെടുത്താൽ കളിക്കും, ഇല്ലെങ്കിൽ ബെഞ്ചിലിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ജിമ്മിലെ പരിശീലനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റൊണാൾഡോ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും കളിക്കാൻ സജ്ജനാണെന്നും ഹോർഹെ ജീസസ് കൂട്ടിച്ചേർത്തു.
ക്യാമ്പിലെ പ്രശ്നങ്ങൾ വഷളായതോടെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസ നേരിട്ടെത്തി റൊണാൾഡോയുമായും പരിശീലകനുമായും കൂടിക്കാഴ്ച നടത്തി. തർക്കങ്ങൾ പരിഹരിച്ചതായി അവകാശപ്പെട്ട ഹോർഹെ ജീസസ്, പക്ഷേ അടുത്ത മത്സരങ്ങളിലെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തിയ പ്രസ്താവന സ്ഥിതി വീണ്ടും വഷളാക്കി.
"ഒരു കളിക്കാരനും എന്റെ തീരുമാനം മാറ്റാൻ എന്നെ നിർബന്ധിക്കാനാവില്ല. അത് ക്രിസ്റ്റ്യാനോയോ ഫുട്ബോളിലെ മറ്റാരെങ്കിലുമോ പ്രസിഡന്റോ ആകട്ടെ, ആർക്കും കഴിയില്ല. ഡെൻമാർക്കിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ആവശ്യമുണ്ടെങ്കിൽ 20-30 മിനിറ്റ് കളിപ്പിക്കും. വാം-അപ്പ് ചെയ്തിട്ടും കളിക്കാൻ കഴിയാത്തതിൽ ഒരു കളിക്കാരനും സന്തോഷിക്കില്ല, അത് പെലെയായാലും മറഡോണയായാലും അങ്ങനെ തന്നെയാണ്."
ഈ പരസ്യപ്രസ്താവന റൊണാൾഡോയെ കൂടുതൽ ചൊടിപ്പിച്ചതായാണ് മാർക്ക ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരിശീലകന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ റൊണാൾഡോ ക്യാമ്പ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
"ദേശീയ ടീം പരിശീലകന്റെ വാർത്താസമ്മേളനത്തിനും ഫെഡറേഷൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിനും ശേഷമാണ് ഞാൻ ക്യാമ്പ് വിടാൻ തീരുമാനിച്ചത്. ടീമിൽ നിന്ന് പിന്മാറാനുള്ള യഥാർഥ കാരണങ്ങൾ തക്കസമയത്ത് ഞാൻ ജനങ്ങളോട് വെളിപ്പെടുത്തും. ഈ ടീമിനായി ഞാൻ എപ്പോഴും ആത്മാർത്ഥമായി സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ സഹതാരങ്ങൾക്കും പോർച്ചുഗലിനും വിജയ ആശംസകൾ നേരുന്നു."
റൊണാൾഡോയുടെ ഈ അപ്രതീക്ഷിത നീക്കം പോർച്ചുഗൽ ഫുട്ബോളിൽ വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും, താരം നടത്തുന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് കായികലോകം.