സൂര്യ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് മാല മോഷണം; 37കാരൻ അറസ്റ്റിൽ
ആറ്റിങ്ങൽ: സൂര്യ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിലിരുന്ന യുവാവിന്റെ മാല മോഷ്ടിച്ച കേസിൽ 37കാരൻ അറസ്റ്റിൽ. പാങ്ങോട് കൊച്ചാലുംമൂട് കെ.കെ. ഹൗസിൽ അബ്ദുൽ കലാമിന്റെ മകൻ ഷുഹൈബിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശിയായ റിച്ചുവിന്റെ മാലയാണ് മോഷണം പോയത്. സുഹൃത്തായ അഭിലാഷിനൊപ്പം സൂര്യ ബാറിലെത്തിയ റിച്ചു, അഭിലാഷ് സുഹൃത്തിനെ കാണുന്നതിനായി മുറിയിലേക്ക് പോയ സമയത്ത് അഭിലാഷിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയ ഷുഹൈബുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് റിച്ചു കാറിലിരുന്ന് ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാല കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നിർദേശപ്രകാരം ഐഎസ്എച്ച്ഒ ശ്രീജേഷ് വി.കെ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പാചകജോലികൾക്കായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കൊടൈക്കനാലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മാല കല്ലമ്പലത്ത് പണയം വെച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
മാല പണയം വെച്ച് ലഭിച്ച പണം ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങുകയും മദ്യപിക്കുകയും കടങ്ങൾ തീർക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് പോലീസ് അറിയിക്കുന്നത്.
ഐഎസ്എച്ച്ഒ ശ്രീജേഷ് വി.കെ., എസ്.ഐ. സുദർശനൻ കെ.എസ്., സലിം, എ.എസ്.ഐ. ഷെർഷ, ജ്യോതിഷ് കുമാർ വി.വി., പോലീസുകാരായ മഹേഷ്, നിതിൻ, അരുൺ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.