തിരുവനന്തപുരം കോവളത്ത് കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. വണ്ടിതടം കുരിശടിക്ക് സമീപം താമസിക്കുന്ന സുരേഷ് (47), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലെ ശുചിമുറിയിൽ സുരേഷ് കുഴഞ്ഞുവീണതറിഞ്ഞ് ഓടിയെത്തിയ അജിയും നാട്ടുകാരും ചേർന്ന് ഇയാളെ 100 മീറ്റർ അകലെയുള്ള പ്രധാന റോഡിൽ കിടന്ന ആംബുലൻസിൽ കയറ്റി. ഇതിന് തൊട്ടുപിന്നാലെ അജിയും അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല