മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു.

നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.



മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. പ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

പത്തൊമ്പതുകാരനായ പ്രതി സുഹൈൽ സജീവ് മൂന്നു ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് അമിതവേ​ഗതയിൽ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് പുറമെ, സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.