കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ച നിലയിൽ

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി പാർത്ഥിബ് (17) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ വൈകിട്ട് 5:45-ഓടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. മംഗലാപുരം – ചെന്നൈ മെയിൽ ട്രെയിനാണ് ഇവർക്കുമീതെ കടന്നുപോയത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്.

മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായതിനാൽ പ്രാഥമികമായി ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് രാത്രി വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.