വർക്കലയിൽ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

വർക്കലയിൽ  വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപം കല്ലായി വീട്ടിൽ ഷഹാദാണ്‌ (28) അറസ്റ്റിലായത്. വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി. 20 വർഷമായി വർക്കലയിൽ താമസിച്ചുവരുന്ന 53 വയസ്സുള്ള ബ്രിട്ടീഷ് വനിതയ്ക്കുനേരെയാണ് ഞായർ രാത്രി ഒന്നരയോടെ അതിക്രമമുണ്ടായത്. അഞ്ചുമുക്ക് ഓടയം പള്ളിക്ക് സമീപം സാന്റിബേ റസ്റ്റോറന്റിൽനിന്നും ഭക്ഷണം കഴിച്ചശേഷം റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനായി വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് യുവാവ് ആക്രമിച്ചതെന്നാണ്‌ പരാതി. സമീപത്തുണ്ടായിരുന്നവർ ഇടപെട്ടാണ് ഷഹാദിനെ തടഞ്ഞത്. നാട്ടുകാർ പിടിച്ചു മാറ്റിയെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. വിദേശ വനിത വർക്കല ഡിവൈഎസ്‌പിക്ക് പരാതി നൽകുകയായിരുന്നു. അയിരൂർ പൊലീസാണ്‌ പ്രതിയെ പിടികൂടിയത്