അഞ്ചുതെങ്ങ്: തേമ്പാമൂട് ജംഗ്ഷനിൽ മീൻ കച്ചവടം നടത്തിവന്നിരുന്ന 65 കാരിയായ വയോധികയെ കായിക്കരക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ (കടയ്ക്കാവൂർ വടതാഴി) ഡെയ്സി (65) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.
ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കായിക്കരക്കടവിൽ ഒരു മരത്തിനോട് ചേർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് അഞ്ചുതെങ്ങ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുക്കുകയും, തുടർനടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മരണകാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.