കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ 'സിം ബൈൻഡിംഗ്' (SIM binding) നിയമം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങൾ ഇനിമുതൽ ഉപയോക്താക്കളുടെ കെ.വൈ.സി (KYC) സ്ഥിരീകരിച്ച സിം കാർഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾക്ക് ടെലികോം വകുപ്പ് നിർദേശം നൽകി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബർ 31ആണ്. ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയാനാണ് നീക്കം. സിം ഇല്ലാതെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച് സൈബർ കുറ്റവാളികൾ മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിൻ്റെ ഇടപെടൽ. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടത്താൻ കുറ്റവാളികൾ ഇത്തരം പഴുതുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതർ പറയുന്നത്.
*പുതിയ മാറ്റം എങ്ങനെ?*
നിലവിൽ മെസേജിങ് ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് (OTP) വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പിൽ ആ അക്കൗണ്ട് പ്രവർത്തിക്കും.
വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല. QR കോഡ് വഴിയോ വെബിലൂടെയുള്ള OTP സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും.
സിം ബൈൻഡിങ് ചട്ടം നിലവിൽ വരുന്നതോടെ മെസേജിങ് ആപ്പുകൾ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസിൽ ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ നിയമം ബാധികമാണ്. ആപ്പിൾ ഇതിനകം തന്നെ ഐഫോണുകളിൽ സിം കാർഡ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.