*അര്‍ണബ് തീവ്ര ചുഴലിക്കാറ്റായി, വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്*

ഹൈദരാബാദ്: അര്‍ണബ് ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ചത്തീസ്ഗഡ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ആറു ലക്ഷം പേരെ ഒഴിപ്പിക്കും. നാളെ പുലർച്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് വിലയിരുത്തൽ. ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യത. മധ്യപ്രദേശും ഉത്തര്‍പ്രദേശും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ അര്‍ണബ് ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ ലഭിക്കും. നിലവിൽ 125 കി.മീ വേഗതയുള്ള ചുഴലിക്കാറ്റിന് കരതൊടുമ്പോൾ 140 കി.മി വരെ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.