വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ കൂനയിൽ വരുവിള വീട്ടിൽ ജയൻ (30) ആണ് അറസ്റ്റിലായത്. പരവൂർ ഒഴുകുപാറ സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. 2026 ഒക്ടോബർ 16-ന് രാത്രി എട്ടുമണിയോടെ പരവൂർ പുന്നമൂട് മാർക്കറ്റിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പ്രതിയായ ജയൻ ബഹളം വെച്ചു. ഇത് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് പ്രതി കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. തുടർന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നരഹത്യശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയനെതിരെ കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. പരവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ വിപിൻ വിയുടെ നേതൃത്വത്തിൽ എസ്.സി.പി.ഓ മനുമോഹൻ, സി.പി.ഓ ആദർശ് വി സേനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്